കോഴിക്കോട്: എഴുത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും എഴുതാനിരിക്കുമ്പോൾ ഇപ്പോഴും ആത്മവിശ്വസക്കുറവനുഭവപ്പെടുന്നുണ്ടെന്ന് എം ടി വാസുദേവൻ നായർ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒന്നാം ദിവസം Bear with me Amma (അമ്മക്ക്) എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്താണോ വായനയാണോ തൃപ്തികരം എന്ന മോഡറേറ്റർ എൻ ഇ സുധീറിന്റെ ചോദ്യത്തിന് മറുപടിയായി എഴുത്തും വായനയും തൃപ്തികരമാണ്, എന്നാൽ വായന ഇല്ലെങ്കിൽ വല്ലാത്തൊരു ശൂന്യതയാണ് എന്നും അദ്ദേഹം പറഞ്ഞു.
സെഷനിൽ എഴുത്തിനെ കുറിച്ചും അമ്മയെ കുറിച്ചും എം ടി ഒരു പോലെ സംസാരിച്ചു. അമ്മയെ പറ്റിയുള്ള എഴുത്തുകൾ അമ്മ അറിയാതെ പോയതിൽ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് എഴുത്ത് എന്നത് അമ്മയുടെ ലോകമല്ലല്ലോ, അതിനാൽ ദുഃഖമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒരു വർഷം ഞാൻ പഠിക്കണ്ട എന്ന അമ്മയുടെ തീരുമാനമാണ് എന്നെ പ്രകൃതിയുമായി കൂടുതൽ അടുപ്പിച്ചതെന്ന് എം ടി പറഞ്ഞു. അക്കാലത്ത് ദൂരെയുള്ള വീടുകളിലും മറ്റും പോയി പുസ്തകങ്ങൾ തപ്പിപ്പിടിച്ച് വായന നിലനിർത്താൻ ശ്രമിച്ച കാര്യവും അദ്ദേഹം ഓർത്തെടുത്തു.
സംവാദത്തിൽ ഗീതാ കൃഷണൻകുട്ടി, മൗതുഷി മുഖർജി എന്നിവർ പങ്കെടുത്തു.

