നാടക സംഘാടനത്തിൽ
നടാടെ ഒരു ശില്പശാല

കോഴിക്കോട്: നാടക സംഘാടനത്തെക്കുറിച്ച്  കേരളത്തിൽ നടാടെ ഒരു ശില്പശാല പി എം താജിൻ്റെ ഓർമ ദിനത്തിൽ കോഴിക്കോട്ട് അരങ്ങേറുന്നു. മികച്ച അഭിനേതാക്കളും സംവിധായകരും നാടകകൃത്തുക്കളും എല്ലാം ഉണ്ടായിട്ടും കാര്യക്ഷമമായ സംഘാടനത്തിൻ്റെ അഭാവം മലയാള നാടകവേദിയുടെ വികസനത്തിനു തടസ്സമാവുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് പി എം താജ് അനുസ്മരണ സമിതിയും പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഇങ്ങനെയൊരു ഉദ്യമം ഏറ്റെടുത്തത്.

വളരെ പണിപ്പെട്ട് അവതരണത്തിന് സജ്ജമാക്കുന്ന നാടകങ്ങൾ മിക്കതും ഒന്നോ രണ്ടോ വേദിക്കപ്പുറം കടക്കാതെ വിസ്മൃതമാവുന്നു. ഒപ്പം, ഒട്ടേറെ നാടക പ്രവർത്തകരും. ഇതിൻ്റെ അനുഭവപാഠങ്ങൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. നാടകത്തിൻ്റെ രൂപപരവും ആശയപരവുമായ മാറ്റങ്ങൾ എന്ന പോലെ പ്രൊഫഷണലായ സംഘാടനത്തിന്റെ വിവിധവശങ്ങളും ആഴമേറിയ ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാവേണ്ടതുണ്ട്. നാടകത്തെ കൂടുതൽ സർഗാത്മകവും ജനകീയവുമായി സംഘടിപ്പിക്കുന്നതിന് അക്കാദമികവും അനുഭവപരവുമായ ഒരന്വേഷണമായാണ് ഈ ശില്പശാല വിഭാവനം ചെയ്തതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

ജൂലൈ 29 ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകു. 4 വരെ ടൗൺഹാളിൽ നടക്കുന്ന ശില്പശാല പ്രമുഖ നാടക സംഘാടന അക്കാദമിഷ്യനും സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്യും. നാടകമടക്കമുള്ള  ദൃശ്യകലകളുടെ അവതാരകനും സംഘാടനാഭിജ്ഞനുമായ അഭീഷ് ശശിധരനാണ് ക്യാമ്പ് ഡയരക്ടർ.  സുധി ദേവയാനി, മനു ജോസ്, ബന്ധു പ്രസാദ്, കെ ആർ മോഹൻദാസ്, കാശി പൂക്കാട് എന്നിവരാണ് ശില്പശാല നയിക്കുന്ന മറ്റു പ്രഗത്ഭ നാടകപ്രവർത്തകർ.

സജീവമായി നാടക രംഗത്ത് പ്രവർത്തിക്കുന്നവർക്കു വേണ്ടി ഒരുക്കുന്ന ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 26-ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447276505, 9447904098

Leave a Reply

Your email address will not be published. Required fields are marked *