വായന മാസാചരണം: ക്വിസ് മത്സരം സംഘടിപ്പിച്ചു

കോഴിക്കോട്: പി എന്‍ പണിക്കര്‍ അനുസ്മരണ വായനദിന-വായന മാസാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും കാന്‍ഫെഡും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി അഡ്വ. കെ ജയന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ മനുഷ്യന്‍ കൈവരിച്ച വിവേകമാണ് മനുഷ്യസംസ്‌കാരത്തിനും പുരോഗമനത്തിനും ആധാരമെന്ന് എംഎല്‍എ പറഞ്ഞു. പുസ്തക വായനയില്‍നിന്ന് ഡിജിറ്റല്‍ വായനയിലേക്ക് പുതുതലമുറ മാറുമ്പോള്‍ അതിലെ ചതിക്കുഴികളും അല്‍ഗോരിത നിര്‍ദേശങ്ങളും തിരിച്ചറിയാന്‍ സാധിക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം രാജന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ വത്സന്‍ നെല്ലിക്കോട് മുഖ്യാതിഥിയായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്രീജ സി നായര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പുത്തൂര്‍മഠം ചന്ദ്രന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ടി സുജാത, സി രമേശന്‍, ഇ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയിലെ 52 സ്‌കൂളുകളില്‍ നിന്നായി 83 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തില്‍ കൂത്താളി വിഎച്ച്എസ്എസ് വിദ്യാർത്ഥി ഗൗതം എസ്  നാരായൻ ഒന്നും എളേറ്റിൽ എം ജെ എച്ച് എസ് എസ്. വിദ്യാർത്ഥി അമൻ ഫയാസ് രണ്ടും സ്ഥാനം കരസ്ഥമാക്കി. ജില്ലാതല മത്സരത്തിലെ വിജയികള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. സംസ്ഥാനതല വിജയിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.