കോഴിക്കോട്: മെഡിക്കൽ കോളേജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യാന്തര നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയവും ഹൈടെക് അടുക്കളയും ഡൈനിങ് ഹാളുമടങ്ങുന്ന മൾട്ടിപർപ്പസ് കോംപ്ലക്സും 24 പുതിയ ക്ലാസ് മുറികളും നാടിന് സമർപ്പിച്ചു.
പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ നിർമ്മിച്ച മൾട്ടിപർപ്പസ് കോംപ്ലക്സിന്റെയും ക്ലാസ്സ് മുറികളുടെയും ഉദ്ഘാടനത്തോടെ വിദ്യാലയം വികസനത്തിന്റെ പുതിയതലങ്ങളിലേക്ക് ഉയർന്നിരിക്കുകയാണ്. 5.39 കോടിരൂപ ചെലവിലാണ് രണ്ടുനിലക്കെട്ടിടമൊരുക്കിയത്. ജില്ലയിലാദ്യമായാണ് പൂർണമായും സർക്കാർ ഫണ്ടുപയോഗിച്ച് ഇത്തരമൊരു മൾട്ടിപർപ്പസ് കോംപ്ലക്സ് പണിയുന്നത്.
പൂർണമായും വുഡൻ പാനൽ വിരിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ കോർട്ടുകൾക്കെല്ലാം സൗകര്യമൊരുക്കിയിട്ടുണ്ട്. വസ്ത്രം മാറ്റാനുള്ള മുറി, സ്പോർട്സ് ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള മുറി, ശൗചാലയം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സൈബർ പാർക്കിലെ ഇല്യൂസിയ ലാബിൻ്റെ സഹായത്തോടെ വെർച്വൽ റിയാലിറ്റി ലാബ് സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷൻ വിദ്യാലയത്തിന് 65 ലക്ഷം രൂപയുടെ ടർഫ് ഗ്രൗണ്ട് അനുവദിച്ചിട്ടുണ്ട്. കൂടാതെ 20 ലക്ഷം രൂപയുടെ ചുറ്റുമതിൽ, 30 ലക്ഷം രൂപയുടെ രണ്ട് ക്ലാസ് മുറികൾ എന്നിവയും ടെൻഡർ ചെയ്തിട്ടുണ്ട് . അടുത്ത വർഷത്തോടെ ഈ പദ്ധതികൾ പൂർത്തിയാവും.
രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് മെഡിക്കൽ കോളേജ് കാമ്പസ് സ്കൂൾ

