രേഖാചിത്ര ചലഞ്ചുമായി ചിത്രകാരൻ വീണ്ടും
കോഴിക്കോട്: വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ സവിശേഷ ചലഞ്ചുമായി ചിത്രകാരൻ വീണ്ടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കാൻ രേഖാചിത്രം വരച്ചു നൽകാനാണ് ചിത്രകാരൻ സിഗ്നി ദേവരാജിൻ്റെ തീരുമാനം. കോവിഡ് സമയത്തും ഇത്തരത്തിൽ ചലഞ്ച് ഏറ്റെടുത്ത് 7 ലക്ഷത്തോളം രൂപ സമാഹരിക്കാനായി.
നിരവധി മനുഷ്യജീവനുകളാണ് നമുക്ക് വയനാട്ടിൽ നഷ്ടമായത്. ഒരു പ്രദേശമാകെ മൺമറഞ്ഞിരിക്കയാണ്. കൃഷിയും കൃഷിസ്ഥലവും വളർത്തുമൃഗങ്ങളും വീടും കടകളും റോഡുകളും പാലങ്ങളും തുടങ്ങി എല്ലാമെല്ലാം തുടച്ചു നീക്കപ്പെട്ടു. ഇവിടെ ജീവിച്ചിരിക്കുന്നവർക്ക് നഷ്ടങ്ങൾ വീണ്ടെടുക്കാനും ഈ പ്രയാസങ്ങളെ അതിജീവിക്കാനും വേണ്ടി സർക്കാരിനെ സഹായിക്കാൻ നമ്മളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ചലഞ്ച് ഏറ്റെടുക്കുന്നതെന്ന് മുക്കം സ്വദേശിയും മുൻ ചിത്രകലാ അധ്യാപകനുമായ സിഗ്നി ദേവരാജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയ്യായിരം രൂപയിലധികം സംഭാവന നൽകുന്നവർ അവർക്കു ലഭിക്കുന്ന CMDRF റസീപ്റ്റിൻ്റെ ഫോട്ടോയും നിങ്ങളുടെ ഫോട്ടോയും കൂടി താഴെ കാണിച്ച നമ്പറിൽ whatsapp ആയി അയച്ചു തന്നാൽ നിങ്ങളുടെ രേഖാചിത്രം വരച്ചു തരും. നമ്പർ: 9447147737
കോവിഡ് സമയത്ത് 214 പേർക്കാണ് ഫോട്ടോ വരച്ചു നൽകിയത്. അവരിൽ നിന്നു ലഭിച്ച റസീപ്റ്റിലെ സംഖ്യയായ 6,69,975 രൂപയാണ് CMDRF ലേക്ക് ലഭിച്ചത്.

സിഗ്നി ദേവരാജ്