വിഴിഞ്ഞം; കുത്തകവത്കരണം അപകടം: ദേവർകോവിൽ

കോഴിക്കോട് : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൽ അദാനി കമ്പനിക്കുള്ള ഓഹരിവിൽപ്പന അത്യധികം അപകടകരമായ കുത്തകവത്കരണത്തിന് കാരണമാകുമെന്ന് മുൻ തുറമുഖമന്ത്രിയും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ  കൈമാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ഞ്ഞെട്ടലുളവാക്കുന്നതാണ്. നിർമ്മാണ കരാർപ്രകാരം ഇരുപത്തഞ്ച് ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ  മുൻകൂർ അംഗീകാരം ആവശ്യമാണ്.

എന്നിരിക്കെ  സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറാനുള്ള നിർമ്മാണ കമ്പനിയുടെ ഏകപക്ഷീയമായ ശ്രമങ്ങൾ പ്രഥമദൃഷ്ടിയിൽ തന്നെ നിയമവിരുദ്ധമാണ്. ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. കേന്ദ്ര കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം.

വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു ‘മൾട്ടി-ഓപ്പറേറ്റർ’ തുറമുഖമാക്കി മാറ്റാനാണ് കേരളം ലക്ഷ്യമിട്ടത്. എന്നിരിക്കെ നിലവിൽ വിഴിഞ്ഞത്തെ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്.

ഇത് അനുവദിച്ചാൽ വിഴിഞ്ഞത്ത് മൾട്ടി ഓപ്പറേറ്റർ മാത്രമല്ല മൾട്ടി-ക്ലയിൻ്റ് സംവിധാനം പോലും ഇല്ലാതാകും. തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ, നമ്മുടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. മത്സരക്ഷമതയാണ് ഏതൊരു വിപണിയുടെയും ആണിക്കല്ല്. ആ മത്സരക്ഷമതയുടെ സർവസാധ്യതയും തുടച്ചുനീക്കപ്പെടുന്ന നിലവരും.

മാത്രമല്ല രാജ്യത്തെ ഒരു ‘ഹൈലി ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ’ ആയ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ഒരു ബഹുരാഷ്ട്ര കമ്പനിയുടെത് മാത്രമായി മാറുമ്പോൾ ദേശീയ സുരക്ഷാ താൽപര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൂടാതെ, 2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കൃത്രിമമായി കുറവ് വരുത്താൻ ഇത്തരം സാമ്പത്തിക ക്രമീകരണങ്ങൾ ഇടയാക്കാനുള്ള സാധ്യതയും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.