സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന് കോഴിക്കോട് ബീച്ചില്‍ തുടക്കം
ഫെയര്‍ ഓഗസ്റ്റ് 25 വരെ
കോഴിക്കോട്: അധികച്ചെലവിന്റെ ഉത്സവകാലത്ത് സപ്ലൈകോ നടത്തുന്ന വിപണിയിടപെടല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുകയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഓണം 2026 സപ്ലൈകോ മെഗാ ട്രേഡ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ വില്പനയും കോഴിക്കോട് ബീച്ചില്‍ ഓപ്പണ്‍ സ്റ്റേജിന് മുന്‍വശത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിത്യോപയോഗ വസ്തുക്കള്‍ മിതമായ വിലയ്ക്കാണ് സ്റ്റാളുകളില്‍ ഒരുക്കിയിട്ടുള്ളത്. ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ ട്രേഡ്ഫെയറുകള് സംഘടിപ്പിച്ചിട്ടുള്ളതെന്നും സ്റ്റാളുകള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ഒ സദാശിവന് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കൗണ്‍സിലര്‍മാരായ എന്‍ പി സൗഫിയ, സഫറി വെള്ളയില്‍, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ വി എം ജയകൃഷ്ണന്, ജനറല്‍ മാനേജര്‍ എം യു ബിജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഓണക്കാലത്ത് മിതമായ വിലയില്‍ ഉൽപ്പന്നങ്ങള്‍ നല്കുന്നതിനു പുറമെ മികച്ച ഷോപിംഗ് അനുഭവം കൂടി നല്‍കുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയര്‍. തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മെഗാ ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ കൂടി ഇത്തവണ ഉള്‍പ്പെടുത്തിയാണ് ഇത്തവണ ട്രേഡ്ഫെയര്‍ സംഘടിപ്പിക്കുന്നത്. 4000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ജര്‍മ്മന്‍ ഹാങ്കര്‍ സ്ട്രക്ചറില്‍, എയര്‍കണ്ടീഷന്‍ഡ് സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകളില്‍ മില്‍മ, പച്ചക്കറി, തുണിത്തരങ്ങള്‍, ഫുട്വെയറുകള്, ഭക്ഷ്യ ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് മെഗാ ട്രേഡ് ഫെയര്‍ പ്രവര്‍ത്തിക്കുക.
സംസ്ഥാനത്തെ മറ്റു 11 ജില്ലകളിലും പ്രധാന സ്ഥലങ്ങളില്‍ സപ്ലൈകോയുടെ ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 14-ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകള്‍ ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടത്തും.
ഓണക്കിറ്റുകളും ഓണം ഗിഫ്റ്റ് കാര്‍ഡും
ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങള്‍ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പന ശാലകളില്‍ ലഭിക്കും. പരമാവധി വില്പന വില 1280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക.
25 ഇനങ്ങള്‍ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയില്‍ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ് 540 രൂപ വിലക്കുറവില്‍ 2000 രൂപയ്ക്കുമാണ് സപ്ലൈകോ നല്‍കുന്നത്. ഇതിനുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പൊടി തുടങ്ങി ഒമ്പത് പ്രീമിയം ശബരി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്നേച്ചര്‍ കിറ്റ് 75 രൂപയിലധികം വിലക്കുറവില്‍ 299 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളില് വില്‍ക്കുന്നത്. കൂടാതെ ഗിഫ്റ്റ് കാര്‍ഡുകളും സപ്ലൈകോ പുറത്തിറക്കിയിട്ടുണ്ട്. 500, 1000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഔട്ട്ലെറ്റില് നിന്ന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.