‘കോ-ഓപ് ഡേ’ പുരസ്കാരം  യുഎൽസിസിഎസിന് സമ്മാനിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും മികച്ച സഹകരണസംഘത്തിനുള്ള ‘കോ-ഓപ് ഡേ’ പുരസ്കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന് സഹകരണമന്ത്രി വി. എൻ. വാസവൻ സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ യുഎൽസിസിഎസ് ജനറൽ മാനേജർ (അഡ്മിൻ) കെ. പി. ഷാബു, ഡെപ്യൂട്ടി ജനറൽ മാനേജൻ (ഫിനാൻസ്) ജിനേഷ് കെ. പി. എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ലഭിച്ച അംഗീകാരങ്ങളും സഹകരണമേഖലയ്ക്കും സംസ്ഥാനവികസനത്തിനും നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പുരസ‍്കാരം നല്കിയത്. ആരോഗ്യരംഗത്തെ മികച്ചതും മാതൃകയുമായ വിവിധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘവും ഇതേ അവാർഡിന് അർഹമായി.

വേൾഡ് കോ-ഓപ്പറേറ്റീവ് മോണിട്ടർ ലോകത്തെ രണ്ടാമത്തെ സൊസൈറ്റിയായി തെരഞ്ഞെടുത്ത സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി എന്നത് നാം അഭിമാനത്തോടെ കാണുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റിയുടെ പദ്ധതിനിർവഹണശേഷിയും സാമ്പത്തികവിനിയോഗരീതിയും അച്ചടക്കമികവും ദീർഘവീക്ഷണമുള്ള നേതൃത്വവും ആധുനികസാങ്കേതികവിദ്യയും കോർത്തിണക്കിയ മാനേജ്മെന്റ് നയങ്ങളും നൂറുവർഷത്തെ വളർച്ചയ്ക്കു നിദാനമായ മൂല്യബോധവും വേദിയിൽ പങ്കുവെച്ചു.

ഈ വർഷം മുതൽ ഏർപ്പെടുത്തിയ പുതുതായി രൂപകല്പന സഹകരണശില്പവും സർട്ടിഫിക്കറ്റും ഒരുലക്ഷം രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. ഒരടി വലിപ്പമുള്ള സുവർണശില്പത്തിൽ സഹകരണപ്രസ്ഥാനത്തിന്റെ വളർച്ചയെയും അതിന്റെ ആശയങ്ങളെയും സഹകരണജനാധിപത്യം, കൂട്ടായ്മ, പരസ്പരസഹായം, ജനാധിപത്യസ്വഭാവം എന്നിവയെയും പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ആവിഷ്കരിച്ചിട്ടുള്ളത്.

റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. ബെന്നി ബെഹനാൻ എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ, , കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ, മുൻ എം എൽ എ അഡ്വ. എം എം മോനായി, കൺസ്യൂമർ ഫെഡ് ചെയർമാൻ അഡ്വ. പി എം ഇസ്മയിൽ, കറുകുറ്റി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക,  സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത്ത് ബാബു ഐ എ എസ്,  സഹകരണ സംഘം അഡിഷണൽ രജിസ്ട്രാർ എം സജീർ,  സഹകരണ ഓഡിറ്റ് ഡയറക്ടർ എം എസ് ഷെറിൻ, എറണാകുളം ജോയിന്റ് രജിസ്ട്രാർ ജോസ്സൽ ഫ്രാൻസിസ് തോപ്പിൽ, ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ  അഡ്വ. വി സലിം, നോർത്ത് പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എം ശശി, കൊച്ചി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ബി സജീവൻ, കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി എസ് ഷണ്മുഖദാസ്, കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ  കെ കെ ശിവൻ, സംസ്‌ഥാനത്തെ എല്ലാ ജില്ലാ സഹകരണ ബാങ്കിൽ നിന്നുമുള്ള ജീവനക്കാർ  തുടങ്ങിയവർ സംബന്ധിച്ചു.

‘നവകേരളവഴിയില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്ക്’ എന്ന സെമിനാര്‍ നടന്നു. നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കെ. ബി.  മുഖ്യപ്രഭാഷണം നടത്തി. സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു വിഷയം അവതരിപ്പിച്ചു. പ്രമൂഖ സഹകാരികളായ കരകുളം കൃഷ്ണപിള്ള, പി. കെ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *