വടകര: മില്ലറ്റ് മിഷൻ മാതൃകാ മില്ലറ്റ് കൃഷിത്തോട്ടം ഒരുക്കുന്നു. ഓർക്കാട്ടേരിയിൽ ഒരുങ്ങുന്ന തോട്ടത്തിൽ റാഗി, മണിച്ചോളം, കമ്പ്, പനിവരക്, വരക്, ചാമ, തിന, കുതിരവാലി, മലഞ്ചാമ (ബ്രൗൺ ടോപ്പ്) എന്നീ 9 മില്ലറ്റ് വിത്തുകളും കൃഷി ചെയ്യും. കർഷകർക്ക് പഠിക്കാനും താല്പര്യമുള്ളവർക്ക് ഗവേഷണം നടത്താനും സാധാരണക്കാർക്ക് സന്ദർശിക്കാനും ഉതകുന്ന രീതിയിലാവും തോട്ടം നിർമ്മിക്കുക. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെ എല്ലാ മില്ലറ്റുകളും കൃഷി ചെയ്യുന്ന ഒരു തോട്ടം നിർമ്മിക്കുന്നത്.
സംസ്ഥാനത്ത് പ്രധാനമായും മില്ലറ്റ് കൃഷി നടക്കുന്ന അട്ടപ്പാടിയിൽ പോലും എല്ലാ മില്ലറ്റുകളും വ്യാപകമായി കൃഷി ചെയ്യുന്നില്ല. ഓരോ മില്ലറ്റും മുളക്കാനും പൂക്കാനും കായ്ക്കാനും വിളയാനും ഉണങ്ങാനും ആവശ്യമായ സമയവും മറ്റും ഇവിടെ മനസ്സിലാക്കാം. പൂർണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. അങ്കുരണശേഷി ഉറപ്പുവരുത്തിയ വിത്തുകളാണ് നടുന്നത്.
മാതൃകാ മില്ലറ്റ് കൃഷി തോട്ടത്തിൽ മില്ലറ്റ് വിത്ത് ഇടുന്നതിന്റെ ഉദ്ഘാടനം മില്ലറ്റ് മിഷൻ പ്രസിഡൻ്റ് വടയക്കണ്ടി നാരായണൻ നിർവഹിച്ചു. സെക്രട്ടറി വി മോഹന ബാബു അധ്യക്ഷനായി. ലിനി ബി ഗോപാലകൃഷ്ണ, ഒകെ ചന്ദ്രൻ, എം രഞ്ജിഷ്, എം കെ ജിജി, ആർ കെ നിതിൻ തുടങ്ങിയവർ സംസാരിച്ചു.
മണിച്ചോളത്തിന്റെ വിത്തുകളാണ് ആദ്യദിവസം നട്ടത്. വരും ദിവസങ്ങളിൽ മറ്റു മില്ലറ്റുകളുടെ വിത്തുകളും നടും. വിളവെടുത്താൽ സംസ്കരണം ആവശ്യമില്ലാത്ത റാഗി, മണിച്ചോളം, കമ്പ് എന്നീ മില്ലറ്റുകളുടെ വിത്തുകൾ വടകരയിലുള്ള സംഘടനയുടെ ആസ്ഥാനത്ത് ലഭ്യമാണ്. മറ്റ് 6 മില്ലറ്റുകളുടെയും വിത്തുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കും. ഇതിനുപുറമെ മില്ലറ്റിനെക്കുറിച്ചും മില്ലറ്റ് കൃഷിയെക്കുറിച്ചുമുള്ള ഐടി അധിഷ്ഠിത ബോധവൽക്കരണം, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസരചന മത്സരം തുടങ്ങിയവയും സംഘടന സംഘടിപ്പിക്കുന്നുണ്ട്.

