മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് ആറ് കോടിയുടെ കാലിത്തീറ്റ സബ്‌സിഡി അനുവദിച്ചു

കോഴിക്കോട്: മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് ആറ് കോടി രൂപയുടെ കാലിത്തീറ്റ സബ്‌സിഡി അനുവദിച്ചു. മലബാര്‍ മേഖലയിലുള്ള ക്ഷീര സംഘങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോഗ്രാം ചാക്കൊന്നിന് 100 രൂപ  ഇതുപ്രകാരം ജൂണ്‍ മാസത്തില്‍ സബ്സിഡിയായി ലഭിക്കും. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ മില്‍മ ഗോമതി കാലിത്തീറ്റയ്ക്ക് മെയ് മാസത്തില്‍ നല്‍കി വന്നിരുന്ന സബ്‌സിഡി ജൂണ്‍ മാസവും തുടരുന്നുണ്ട്. ഇതു കൂടി കൂട്ടുമ്പോള്‍ ജൂണ്‍ മാസത്തില്‍ ഒരു ചാക്ക് മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 200 രൂപ ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡിയായി ലഭിക്കും.

2025 മെയ് മാസത്തില്‍ നല്‍കി വരുന്നതും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതുമടക്കം  ഈ സാമ്പത്തിക വര്‍ഷത്തില്‍ 5.82 കോടി രൂപ കാലിത്തീറ്റ സബ്‌സിഡിയിനത്തില്‍ ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരുമെന്ന്  മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ് എന്നിവര്‍ പറഞ്ഞു.