ബാലവേല, ബാലഭിക്ഷാടനം;  ഒരു വര്‍ഷത്തിനിടെ രക്ഷിച്ചത് 21 കുട്ടികളെ

കോഴിക്കോട്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് ബാലവേലയിലും ബാലഭിക്ഷാടനത്തിലും ഏര്‍പ്പെട്ടതായി കണ്ടെത്തി രക്ഷപ്പെടുത്തിയത് 21 കുട്ടികളെ. ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ശരണബാല്യം പദ്ധതിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി 2023 ജൂണ്‍ ഒന്നു മുതല്‍ 2024 ജൂണ്‍ 11 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

17 കുട്ടികളെ ബാലവേലക്കിടയിലും നാല് പേരെ ബാലഭിക്ഷാടനം നടത്തവെയുമാണ് കണ്ടെത്തിയത്. ഒരു വര്‍ഷ കാലയളവില്‍ 44 പരിശോധനകളാണ് സംഘം നടത്തിയത്. രക്ഷപ്പെടുത്തിയവരില്‍ നാലു പേരെ നിയമപ്രകാരം ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയ ശേഷം സമിതിയുടെ ഉത്തരവനുസരിച്ച് അവരവരുടെ സ്വദേശത്ത് ജില്ലാ ശിശു സംരക്ഷണ വകുപ്പ് തിരികെയെത്തിച്ചു. ബാക്കിയുള്ളവരെ ഷെല്‍ട്ടര്‍ ഹോമുകളുടെ സംരക്ഷണത്തിലേക്ക് മാറ്റിയശേഷം വിവരം അറിയിച്ചതനുസരിച്ചു മാതാപിതാക്കള്‍ വന്നു കൂട്ടിക്കൊണ്ടുപോയി.

രക്ഷിച്ച കുട്ടികളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. ആസാം, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, യുപി, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍. ഇവരില്‍ മൂന്ന് മുതല്‍ 16 വയസ് വരെയുള്ള കുട്ടികളുണ്ട്. ഇതില്‍ ബംഗാളിലെ കൊല്‍ക്കത്ത, പര്‍ബ മെദിനിപൂര്‍ സ്വദേശികളായ കുട്ടികളെയും യുപിയിലെ ജോണ്‍പൂര്‍, മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശികളായ കുട്ടികളെയുമാണ് പോലിസ് സഹായത്തോടെ അവരുടെ വീടുകളിലേക്ക് തിരികെയെത്തിച്ചത്.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ്, പാളയം ബസ് സ്റ്റാന്‍ഡ്, മാവൂര്‍ റോഡ് സിഗ്‌നല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട കുട്ടികളെ കണ്ടെത്തിയത്. മുക്കം കാരശ്ശേരിയിലെ അടയ്ക്ക പൊതിക്കല്‍ കേന്ദ്രം, കോഴിക്കോട് ബീച്ച്, കോഴിക്കോട് മിഠായിത്തെരു, കുറ്റിക്കാട്ടൂര്‍, വെള്ളിപ്പറമ്പ്, നല്ലളം എന്നിവിടങ്ങളിലെ ചെരുപ്പ് നിര്‍മാണ യൂണിറ്റുകള്‍, വടകരയിലെ ഹോട്ടല്‍, കിനാലൂര്‍ എസ്റ്റേറ്റിലെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റ്, കോട്ടൂളിയിലെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ ബാലവേലയില്‍ ഏര്‍പ്പെട്ട
കുട്ടികളെയും രക്ഷപ്പെടുത്തി. കാരശ്ശേരിയിലെ അടയ്ക്ക പൊതിക്കല്‍ കേന്ദ്രത്തിൽ നിന്ന് ആറ് കുട്ടികളെയാണ് കണ്ടെത്തി രക്ഷിച്ചത്.

വീടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയത് 29 കുട്ടികളെ

ഇതിന് പുറമെ വീടുകളില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 29 കുട്ടികളെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ട്. ശിശുക്ഷേമ സമിതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കാലയളവില്‍ ഇത്രയും കുട്ടികളെ വീടുകളില്‍ നിന്ന് മാറ്റിയത്.

ചൈല്‍ഡ്‌ലൈനില്‍ അറിയിക്കാം

ബാലവേല, കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം തുടങ്ങിയ നിയമവിരുദ്ധ പ്രവണതകള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഓർമിപ്പിച്ചു. ജില്ലയില്‍ ഇതിനെതിരായ പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കും. ബാലവേലയ്ക്കും ഭിക്ഷാടനത്തിനും കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ബാലവേല കണ്ടുപിടിക്കാൻ സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിൽ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *