റെക്കോഡ് ചൂടിലേക്ക് കേരളം


വിവിധ ജില്ലകളിൽ ഏപ്രിൽ 10വരെ യെല്ലോ അലർട്ട്


കോഴിക്കോട്:  ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് ചൂട് റെക്കോഡിലേക്ക്. ശനിയാഴ്ച പാലക്കാട് താപനില 41.5 ഡിഗ്രിയിലേക്ക് ഉയർന്നു. 2016നു ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ചൂട് അനുഭവപ്പെടുന്നത്. സാധാരണത്തേതിനേക്കാൾ 4.5 ഡിഗ്രി ചൂടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ താപനില മാപിനിയിൽ പാലക്കാട് രേഖപ്പെടുത്തിയത്.

2016ൽ പാലക്കാട് തന്നെ രേഖപ്പെടുത്തിയ 41.9 ഡിഗ്രി ചൂടാണ് ഇതുവരെ സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയർന്ന ചൂട്. ഏതാനും ദിവസങ്ങളായി പാലക്കാട് താപനില 40ന് മുകളിലായിരുന്നു. 24 മണിക്കൂറിനകം ചൂട് ഇത്രയും ഉയർന്നത് കാലാവസ്ഥ നിരീക്ഷകരെപ്പോലും ആശങ്കയിലാക്കിയിട്ടുണ്ട്. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടും. പാലക്കാടിന് പുറമെ, കൊല്ലത്തും താപനില ഉയരുകയാണ്. 39-40 ഡിഗ്രി ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.

കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും ചൂട് സാധാരണയെക്കാൾ മൂന്ന് ഡിഗ്രിവരെ ഉയർന്നിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും വേനൽമഴ കുറഞ്ഞതോടെ പകലുള്ള ചൂടാണ് രാത്രിയും പുലർച്ചെയും അനുഭവപ്പെടുന്നത്. ശനിയാഴ്ച കോഴിക്കോട് പുലർച്ചെ രേഖപ്പെടുത്തിയത് 29 ഡിഗ്രി. ഈ വർഷത്തെ ഏറ്റവും ഉയർന്ന പുലർക്കാല ചൂടാണിത്. രാത്രിയും പകലും ഒരുപോലെ ചുട്ടുപൊള്ളുന്നതോടെ കൊല്ലം, പാലക്കാട്, തൃശൂർ, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഏപ്രിൽ 10വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ മുൻകരുതലെടുക്കണമെന്നും സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000