കോഴിക്കോട്: പാണക്കാട് നിന്ന് ഖാസിമാരായി ബൈഅത് ചെയ്ത മഹല്ല്, സ്ഥാപനതല സാരഥി സംഗമം ഫെബ്രുവരി 17 ന് രാവിലെ 9 ന് കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും.
പാണക്കാട് നിന്ന് ഖാസിമാരായി സേവനം തുടര്‍ന്നുവരുന്ന കണ്ണൂര്‍, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ മഹല്ല് സ്ഥാപന ഭാരവാഹികളും ഖതീബുമാരുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. വൈജ്ഞാനിക സാങ്കേതിക തികവോടെ ഓഫിസ് ക്രമീകരിച്ച് മസ്ലഹത്, റിലീഫ്, എജുക്കേഷണല്‍ സമിതികള്‍ രൂപീകരിച്ച് മുഴുസമയ സേവനം ലഭ്യമാകുന്ന രീതിയില്‍ പാണക്കാട് ഖാസി ഭവന് ആവിഷ്കരിക്കലും ഇതിന്റെ ഭാഗമായി നടക്കും. ഇതിന്റെ സംഘാടനത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
നേതൃസംഗമം 17ന് രാവിലെ 8 ന് സമസ്ത കേരള ജംഇയതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാര്‍ സമസ്തയുടെ പതാക ഉയര്‍ത്തുന്നതോടെ തുടങ്ങും. തുടര്‍ന്ന് സാദാത്തുക്കളുടെയും ഉലമാക്കളുടെയും സാന്നിധ്യത്തില്‍ മജ്ലിസുന്നൂര് നടക്കും. അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. 9 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് നിസാര്‍ അഹ്മദ് ഹുസൈനി നേതൃസംഗമം ഉദ്ഘാടനം ചെയ്യും.
എം ടി അബ്ദുല്ല മുസ്ല്യാര്‍, ഉമര്‍ മുസ്്ല്യാര്‍ കൊയ്യോട്, മൊയ്തീന്‍കുട്ടി മുസ്ല്യാര്‍ കോട്ടുമല, കുഞ്ഞിമുഹമ്മദ് മുസ്ല്യാര്‍ നെല്ലായ, ഡോ. മുഹമ്മദ് ബഹാഉദ്ധീന്‍ നദ്വി, ഹംസ മുസ്ല്യാര്‍ വയനാട്, പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി വിഷയങ്ങള്‍ അവതരിപ്പിക്കും. അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍ സന്ദേശം നല്‍കും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് എം.സി മായിന്‍ഹാജി, കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കോഓര്‍ഡിനേറ്റര്‍ നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് കണ്‍വീനര്‍ അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവര്‍ പങ്കെടുത്തു.

