രജിസ്ട്രേഷനില്ലാതെ വില്ല പരസ്യം; ‘ഗ്രീന്‍ സിറ്റി’യ്ക്ക് കെ-റെറയുടെ നോട്ടീസ്
കോഴിക്കോട്: ‘കോഴിക്കോടിന്റെ ഹൃദയഭാഗത്ത് വീടുകള്‍ സ്വന്തമാക്കാം’ എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതി വില്പനയ്ക്കായി പരസ്യപ്പെടുത്തിയ ‘മാര്‍ക്കര്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്’ എന്ന പ്രൊമോട്ടറുടെ ‘ഗ്രീന്‍ സിറ്റി’ പദ്ധതിയ്ക്ക് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യുടെ കാരണം കാണിക്കല്‍ നോട്ടീസ്. തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് പ്രൊമോട്ടര്‍ പദ്ധതി പരസ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന് ആന്‍ഡ് ഡെവലപ്മെന്റ്) നിയമം 59(1)-ാം വകുപ്പു പ്രകാരം നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് പ്രൊമോട്ടര്‍ക്ക് നോട്ടീസ് അയച്ചതെന്ന് കെ-റെറ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇതേ പ്രൊമോട്ടര്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പരസ്യപ്പെടുത്തുന്നതായി കെ-റെറയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതു സംബന്ധിച്ച തുടരന്വേഷണങ്ങള്‍ നടന്നു വരികയാണ്.
കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം റിയല്‍ എസ്റ്റേറ്റ് പദ്ധതികൾക്ക് നിയമ പരിരക്ഷ ലഭിക്കാത്തതിനാല്‍ അത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കെ-റെറ ചെയര്മാന് പി എച്ച് കുര്യന് അഭ്യർത്ഥിച്ചു.