ആർ ജി പിള്ള
(പ്രസിഡന്റ്,
റെയിൽവേ കോൺട്രാക്ട് കേറ്ററിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ)
ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച ബജറ്റിനെ തുടർന്ന് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചത് റെയിൽവേയിൽ റെക്കോർഡ് നിക്ഷേപം ആണെന്നും കേരളത്തിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും കൂടുതൽ വിഹിതം അനുവദിച്ചിട്ടുണ്ട് എന്നുമാണ്. കഴിഞ്ഞവർഷത്തേക്കാൾ 5000 കോടി അധികം 10000 കോടിയുടെ സ്വകാര്യ പങ്കാളിത്തം ഉൾപ്പെടെ കണക്കാക്കിയിട്ടുള്ളതിനെയാണ് റെക്കോർഡ് നിക്ഷേപം എന്ന് ഘോഷിച്ചത്. അതുപോലെ മുൻ ഗവണ്മെന്റുകളുടെ കാലത്തെ കണക്കുമായി താരതമ്യം ചെയ്താണ് വിഹിത വർദ്ധനവ് സ്ഥാപിക്കുന്നത്. ശരിയാണ്, മുൻ ഗവണ്മെന്റുകളുടെ കാലത്തു മാത്രമല്ല ബ്രിട്ടീഷു കാരുടെ കാലത്തും റെയിൽവേയുടെ കാര്യത്തിൽ അങ്ങേയറ്റം അവഗണന നേരിട്ട, ഇന്നും നേരിടുന്ന ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കൊച്ചി രാജാവിന് സ്വർണംവിറ്റും ഷൊറണൂർ -കൊച്ചിൻ പാത നിർമ്മിക്കേണ്ടി വന്നതും സ്വാതന്ത്ര്യം കിട്ടുമ്പോഴും എറണാകുളം – കൊല്ലം ഭാഗം റെയിൽവേ വഴി ബന്ധിപ്പിക്കപ്പെടാതിരുന്നതും. ഇന്നും ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ ഏറ്റവും കുറവ് റെയിൽവേ ലൈനാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. കേവലം 1045.6 റൂട്ട് കിലോമീറ്റർ. തമിഴ്നാട് 4027 RKM കർണാടക 3281 RKM.
കേരളത്തോട് അവഗണന
റെയിൽവെയുടെ പ്രമുഖ തൊഴിൽ സ്‌ഥാപനങ്ങളിൽ ഒന്ന് പോലും കേരളത്തിൽ ഇല്ല. 2008ൽ പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിന് പരിഹാരമായി അനുവദിച്ച കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി ഇന്നും കോട്ട മൈതാനത്തു അന്നത്തെ റെയിൽ മന്ത്രി ദിനേശ് ത്രിവേദി സ്ഥാപിച്ച തറക്കല്ലിൽ ഉറങ്ങുന്നു. വി എസ് സർക്കാർ യുദ്ധകാല അടിസ്ഥാനത്തിൽ എടുത്തു കൊടുത്ത ഭൂമി റെയിൽവേ മതിൽ കെട്ടി സംരക്ഷിക്കുന്നു.
2012ൽ 5 ഇലക്ട്രിക്ക് ലോക്കോ ഷെഡുകൾ തുടങ്ങാൻ തീരുമാനിച്ചതിൽ ഒന്ന് ഷൊറണൂരില്‍ ആയിരുന്നു. സതേൺ റെയിൽവേയോട് തുടർ നടപടികൾ സ്വീകരിക്കാൻ ആവശ്യ പ്പെട്ടിരുന്നു. 120 സ്റ്റീം എഞ്ചിനുകൾ പരിപാലിച്ചിരുന്ന ഷെഡ്. അനുബന്ധ സൗകര്യങ്ങളും ധാരാളം ഭൂമിയും ലഭ്യ മായിരിക്കെ ഷൊറണൂര്‍ അനുയോജ്യമല്ലെന്ന് റിപ്പോർട്ട് നൽകി അത് നിഷേധിക്കുകയായിരുന്നു .സ്വാതന്ത്ര്യത്തിനു മുൻപും പിന്‍പും ആയി കേരളത്തെ തലങ്ങും വിലങ്ങും റെയിൽ വഴി ബന്ധിപ്പിക്കുവാൻ പുതിയ റെയിൽവേ ലൈനു കള്‍ക്കുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ വന്നിട്ടുള്ളത് സർവേയും റീ സർവേയുമായി വെളിച്ചം കാണാതെ കിടക്കുകയാണ്. അവയില്‍ പ്രധാനപ്പെട്ട ചിലതാണ് നിലമ്പുർ- നഞ്ചങ്കോട് , തലശ്ശേരി -മൈസൂർ, തിരൂർ -ഇടപ്പള്ളി , കൊല്ലങ്കോട് -തൃശൂർ, ശബരിമല, കൊച്ചി -മധുര തുടങ്ങി ഒട്ടേറെ പാതകൾക്കാണ് ഇന്നും മുറവിളികൾ ഉയരുന്നത്
. ഇതിൽ ശബരിമല റെയിൽവേ പണി തുടങ്ങി 7കിലോമീറ്റർ റെയിൽ പാതയും ഒരു റെയിൽവേ സ്റ്റേഷനും (കാലടി) പൂർത്തിയായപ്പോഴാണ് സ്റ്റേറ്റ് ഗവണ്മെന്റ് 50 ശതമാനം ചെലവ് വഹിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. അതും സ്റ്റേറ്റ് ഗവണ്മെന്റ് അംഗീകരിച്ചതിനെ തുടർന്ന് ഈ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടങ്കിലും ഇപ്പോള്‍ മന്ത്രി പറയുന്നത് ഇപ്പോള്‍ തുടങ്ങിയ റൂട്ടുവേണമോ, ചെങ്ങന്നൂർ വഴി വേണമോ എന്ന് തീരുമാനിച്ചിട്ടില്ല എന്നാണ്. ഫലത്തിൽ ബജറ്റിൽ വകയിരുത്തിയത് പോലും ഈ വർഷവും ചെലവഴിക്കില്ല എന്നാണ്.
കേരളത്തിന് ഇക്കൊല്ലം വകയിരുത്തിയ 2744 കോടി രൂപ റെക്കോർഡ് വർധ നവ് ആണെന്നാണ് മന്ത്രി അവകാശപ്പെടുന്നത് .
എന്നാൽ സംസ്ഥാന അടിസ്ഥാനത്തിൽ പദ്ധതി വിഹിതം പരിശോധിച്ചാൽ കേരളത്തേക്കാൾ വിഹിതം കുറവുള്ളത് ഹിമാചൽ പ്രദേശ് (2681), ഡൽഹി (2577)മാത്രമാണ്. വിഹിതത്തിൽ നമ്മുടെ സ്ഥാനം 20ൽ 18 ആണ്. മുൻ ഗവണ്മെന്റുകളുടെ കാലത്തും കടുത്ത അവഗണനയാണ് കേരളം നേരിട്ടിട്ടുള്ളത് എന്നത് ഇപ്പോഴത്തെ അവഗണനക്ക് ന്യായീകരണ മാകില്ലല്ലോ. അതും രാജ്യത്തിൻ്റെ തെക്കേ അറ്റത്തു കിടക്കുന്ന ജന സാന്ദ്രത ഏറ്റവും കൂടിയ, കുടിയേറ്റ തൊഴിലാളികളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമായ, ഒരു ഉപഭോഗ സംസ്ഥാന മായ കേരളത്തിന്റെ റെയിൽവേ വികസനത്തിന് മതിയായപ രിഗണന നൽകാത്തത് റെയിൽവേ യുടെതന്നെ താല്പര്യത്തിനു അനുഗുണമല്ലെന്നു തിരിച്ചറിയാൻ വൈകിയിരിക്കുന്നു.
സുരക്ഷ പ്രധാനം
ഇതോടൊപ്പം തന്നെ പ്രധാനമാണ് റെയിൽവേ യുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പു വരുത്തുന്നതിന് മതിയായ പ്രാധാന്യം നൽകുക എന്നത്. നാടിനെ നടുക്കിയ ഏറെ അപകടങ്ങൾക്കും ജീവഹാനികൾക്കും ശേഷവും സുരക്ഷാവിഭാഗങ്ങളിൽ അടക്കം ഒഴിവുകൾ നികത്താൻ നിർദ്ദേശങ്ങൾ ഇല്ലാത്തതും വണ്ടികളുടെ കൂട്ടി ഇടി ഒഴിവാക്കാൻ നാം തന്നേ 2002ൽ വികസിപ്പിച്ച “കവച് ” വ്യാപകമായി സ്ഥാപിക്കാൻ നിർദ്ദേശങ്ങളില്ലാത്തതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
നികത്താതെ ഒഴിവുകൾ
രാജ്യത്തെ ഏറ്റവും തൊഴിൽ ദായകരായ റെയിൽവേയിലുള്ള 4 ലക്ഷം ഒഴിവുകൾ നികത്താത്തതും വലിയ തോതിൽ ജോലികൾ കോൺട്രാക്ട് മുറയിൽ ചെയ്യിക്കുന്നതും തൊഴിൽ തേടുന്ന അഭ്യസ്ത വിദ്യരായ യുവാക്കളെ അസ്വസ്ഥരാക്കുന്നത് എത്ര നാൾ അവഗണിക്കാനാകും. നേരത്തേ റെയിൽവേ റിക്രൂട്ട്മെന്റിൽ ഉണ്ടായ അപേക്ഷകരുടെ തള്ളിക്കയറ്റം വൻ പ്രക്ഷോഭത്തിലേക്കും ബിഹാറിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വെടിവെപ്പിലും ജീവഹാനിയിലും കലാശിച്ചത് പ്രസ്താവ്യമാണ്. ഇന്നിപ്പോൾ ലോക്കോ പൈലറ്റുമാരുടെ 5690 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ റിക്രൂട്ട്മെന്റ് എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാറിൽ ജനുവരി 29, 30 തിയ്യതികളിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് പട്നയിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ് .റെയിൽവേയിൽ മുഴുവൻ ഒഴുവുകളും സമയബന്ധിതമായി നികത്താൻ നടപടികൾ ഇനിയും അമാന്തിച്ചുകൂടാ.
റെയിൽവേ ജീവനക്കാരടക്കമുള്ള 35 ലക്ഷം കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് നിരന്തരമായി ഒറ്റക്കെട്ടായി പ്രക്ഷോഭങ്ങളിൽ അണിനിരന്നിട്ടും ഗത്യന്തരമില്ലാതെ സ്ട്രൈക്ക് ബാലറ്റ് എടുത്തു പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടും പ്രസ്തുത ആവശ്യം സംബന്ധിച്ച് ഒരു പരാമർശവും നടത്താത്തതും റെയിൽവേയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനുള്ള കരാർ തൊഴിലാളികളുടെ സേവന വ്യവസ്ഥ നിജപ്പെടുത്താനോ അപകടത്തിൽ മരണപ്പെടുന്നവർക്കു നഷ്ടപരിഹാരം ഉറപ്പു നൽകുന്നതിനോ ആശ്രിത നിയമനത്തിനോ നടപടികളില്ലാത്തതും നീതി നിഷേധമാണ്.
യാത്രാ സൗജന്യങ്ങൾ പുനഃസ്ഥാപിക്കണം
കോവിഡ് കാലത്തു നിർത്തലാക്കിയ യാത്രാ സൗജന്യങ്ങൾ പ്രത്യേകിച്ചും വയോജനങ്ങൾക്കുള്ളത് പുനഃസ്ഥാപിക്കാത്തതും പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് എന്ന് നാമകരണം ചെയ്തു അധിക ചാർജ് ഈടാക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അതോടൊപ്പം നിലവിലുള്ള 40000 കോച്ചുകൾ വന്ദേ ഭാരത് ആക്കും എന്ന പ്രസ്താവന അതിന്റെ പ്രായോഗികതയേക്കാൾ സാധാരണ യാത്രക്കാർക്കുള്ള മുന്നറിയിപ്പായി കണക്കാക്കാവുന്നതാണ്.കാരണം ഇന്നു തന്നെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചു എ സി കോച്ചുകൾ വർധിപ്പിക്കുന്നു. വന്ദേഭാരത് കോച്ചുകളിൽ നിന്ന് താങ്ങാനാകാത്ത ചാർജ് മൂലം സാധാരണക്കാർ പുറത്താകും. അതുകൊണ്ടു തന്നെ ഇന്ത്യൻ റെയിൽവേയെ സാധാരണക്കാരുടെ ഗതാഗത ഉപാധിയായി നിലനിർത്താനും സമഗ്രവും സത്വരവും നീതിപൂർവവുമായ വികസനം ഉറപ്പു വരുത്താനും ജനകീയ സമ്മർദ്ദം ശക്തിപ്പെടുത്തേണ്ടതുണ്ട് . അതിനു ബജറ്റ് ചർച്ചയും സംവാദങ്ങളും ഉപയോഗപ്രദമാകുമെന്നു പ്രതീക്ഷിക്കാം.


