കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയപ്രശാന്താണ് ബജറ്റ് അവതരിപ്പിച്ചത്.
59.69 കോടി രൂപ വരവും 53.16 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സംരംഭക മേഖല, ഭവന നിര്‍മാണം, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, വനിതാക്ഷേമം, വയോജനക്ഷേമം എന്നിവക്ക് ആവശ്യമായ തുക വകയിരുത്തിക്കൊണ്ടുള്ള ബജറ്റാണ് തയാറാക്കിയിട്ടുള്ളത്.
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും വീട് ലഭ്യമാക്കാൻ 10 കോടി രൂപ വകയിരുത്തി. തൊഴിൽ നൈപുണ്യ വികസന പദ്ധതി, വാർഡ് തല എംപ്ലോയബിലിറ്റി ക്ലബ്ബുകൾ, പഞ്ചായത്ത് തലത്തിൽ എംബ്ലോയബിലിറ്റി കിയോസ്ക്ക്, സംരംഭകത്വ ക്ലബ്ബ്, ഹാപ്പിനെസ് വില്ലേജ്, പാർക്കുകൾ, തെരുവുകളുടെയും, റോഡുകളുടെയും സൗന്ദര്യവൽക്കരണം എന്നിവ ബജറ്റിലെ ശ്രദ്ധേയമായ പദ്ധതികളാണ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

