പരിപാടി എല്ലാ മാസവും ആദ്യ ശനിയാഴ്ച
കോഴിക്കോട്: സ്ത്രീകൾക്ക് മുൻവിധികളും അതിരുകളും കൂടാതെ ഒത്തുകൂടാൻ ഇടം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ ‘ആർപ്പോ; വരയും വരിയും പിന്നെ അൽപ്പം മൊഹബത്തും’ പരിപാടി സംഘടിപ്പിക്കുന്നു.
പൊതു ഇടങ്ങളിലെ സ്ത്രീ എന്ന വിഷയത്തിലൂന്നി
നടത്തുന്ന ആർപ്പോ പരിപാടിയുടെ ആദ്യ പതിപ്പ് ഫെബ്രുവരി മൂന്നിന്
വൈകീട്ട് നാലിന് വെള്ളിമാടുകുന്ന് ജെൻഡർ പാർക്ക് അന്താരാഷ്ട്ര കൺവെൻഷൻ സെൻ്ററിൽ
വനിതാ- ശിശുവികസന
വകുപ്പ് മന്ത്രി വീണ ജോർജ്
ഉദ്ഘാടനം ചെയ്യും. പരിപാടി എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച സംഘടിപ്പിക്കാനാണ് പദ്ധതി.
പരിപാടിയോടനുബന്ധിച്ച് വിവിധ സെഷനുകൾ, വിൽപ്പനശാലകൾ, ശില്പശാലകൾ, കലാപരിപാടികൾ
എന്നിവ ഉണ്ടാകും.
മേയർ ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ തുടങ്ങിയവർ പങ്കെടുക്കും.
പൊതു ഇടങ്ങൾ ജനകീയമാക്കുന്നതിന്റെ മുന്നോടിയായാണ് ആർപ്പോ സംഘടിപ്പിക്കുന്നത്.
സ്ത്രീകൾക്ക് സംസാരിക്കാനും ഉല്ലസിക്കാനും രാഷ്ട്രീയം ചർച്ച ചെയ്യാനും വിമർശിക്കാനും വിമർശിക്കപ്പെടാനും സ്വയം നവീകരിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനും വേണ്ടി സ്വതന്ത്രമായ വേദിയൊരുക്കലാണ് ലക്ഷ്യം. വിവിധ സംരംഭങ്ങൾ തുടങ്ങിയവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സ്റ്റാളുകൾ ഇടാനുള്ള സൗകര്യമുണ്ടായിരിക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി ‘എഴുത്തും കുത്തും’, ‘വരയും കുറിയും’, ‘ആട്ടം’ എന്നീ പേരുകളിൽ ജെന്റർ പാർക്കിന്റെ വിവിധ ഭാഗങ്ങളിൽ വേദികൾ ഉണ്ടായിരിക്കും. ഈ വേദികളിലെ പരിപാടികളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യാൻ വർത്താനം എന്ന സെഷനുമുണ്ട്.
പരിപാടിയുടെ ഭാഗമായി സാഹിത്യത്തിലും വായനയിലും താല്പര്യമുള്ളവർക്കായിട്ടാണ് ‘എഴുത്തും കുത്തും’ സംഘടിപ്പിക്കുന്നത്.
‘വരയും കുറിയും’ എന്ന വേദിയിൽ എല്ലാവർക്കും ചിത്രം വരയ്ക്കാനും നിറം നൽകാനുമാണ് അവസരം.
എഴുത്തുകാരി ആര്യ ഗോപി, നാടകപ്രവർത്തക ശ്രീജ ആറങ്ങോട്ടുകര തുടങ്ങിയവർ വിവിധ വേദികൾക്ക് നേതൃത്വം നൽകും.
എല്ലാവരും ഒരുമിച്ച് ആടിയും പാടിയും ഉല്ലസിച്ചുമുള്ള ‘പൊടിപൂരം’ എന്ന ഭാഗത്തോടെ ‘ആർപ്പോ’ അവസാനിക്കും.
മ്യൂസിക് ബാൻഡും ഉണ്ടായിരിക്കും.
‘ആർപ്പോ; വരയും വരിയും പിന്നെ അൽപ്പം മൊഹബത്തും’, ഉദ്ഘാടനം 3 ന്

