‘ഉബു റോയ്’ നാടകം ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകരയിൽ


കോഴിക്കോട്: മികച്ച നാടകാവിഷ്കാരങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ദീപൻ ശിവരാമൻ്റെ പുതിയ നാടകം ‘ഉബു റോയ്’ ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകര നാരായണനഗരത്തിൽ അവതരിപ്പിക്കുന്നു. ഇതിനായി പി കെ. കൃഷ്ണദാസ് ചെയർപേഴ്സണും സന്ദേശ് ഇ പ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു.

ഐ മൂസ, ശ്രീധരൻ എടയത്ത്, കെ ടി ദിനേശ് എന്നിവരാണ് വൈസ് ചെയർപേഴ്സൺമാർ. ദീപ ഡി, കെ സി പവിത്രൻ, രാജൻ മാസ്റ്റർ എന്നിവരെ ജോയിൻ്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.

സബ് കമ്മിറ്റികളുടെ അധ്യക്ഷരും കൺവീനർമാരും: പബ്ലിസിറ്റി – പ്രതാപ് മൊണാലിസ, അമ്പിളി, സ്റ്റേജ് – വേണു കക്കട്ടിൽ, വികേഷ്, ഭക്ഷണം – നിധിൻ കെ വൈദ്യർ, രോഹിത്, വളൻ്റിയർ കെ പി ശ്രീജിത്, അമൽ രാജ്, അക്കോമൊഡേഷൻ – മനോജൻ കെ എം, അർജുൻ.

കാഴ്ചയുടെ ശീലങ്ങളെ നവീകരിക്കുന്ന സവിശേഷാനുഭവം ആകും നാടകമെന്ന് നാടകത്തിൻ്റെ നിർമ്മാതാവായ കേരള ആട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു ശ്രീപ്രസാദ് പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ഉപസ്ഥാപനമാണ് തിരുവനന്തപുരം കോവളത്തുള്ള ക്രാഫ്റ്റ്സ് വില്ലേജ്. തൃശൂർ ആസ്ഥാനമായ ഓക്സിജൻ തിയറ്റർ കമ്പനിയാണ് ഉബു റോയി അവതരിപ്പിക്കുന്നത്.

ദീപൻ ശിവരാമൻ്റെ നാടകം ഖസാക്കിൻ്റെ ഇതിഹാസം മുമ്പ് മണിയൂരിൽ അവതരിപ്പിച്ച കാര്യം യോഗം അനുസ്മരിച്ചു. ഉബു റോയ് തിരുവനന്തപുരത്തെ ആദ്യാവതരണത്തിൽ പ്രേക്ഷകപ്രശംസ നേടിയിരുന്ന കാര്യവും ശ്രീപ്രസാദ് യോഗത്തെ അറിയിച്ചു.

ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് ഫ്രഞ്ച് സാഹിത്യകാരൻ ആൽഫ്രഡ് ജാരി (Alfred Jarry) രചിച്ച വിഖ്യാതനാടകത്തിൻ്റെ ഈ പുനരാഖ്യാനത്തിൻ സമകാലിക ഇൻഡ്യൻ സാഹചര്യത്തിൽ പ്രത്യേക പ്രസക്തിയുണ്ട്.

മലയാള നാടക, സിനിമാ രംഗങ്ങളിലെ ശ്രദ്ധേയരായ അഭിനേതാക്കൾ ജെയിംസ് ഏലിയ, കെ ഗോപാലൻ, കല്ലു കല്യാണി, സി ആർ രാജൻ, ജോസ് പി റാഫേൽ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്നു. ജോസ് കോശിയാണ് ടെക്നിക്കൽ ഡയറക്ടർ. സംഗീതം ഒരുക്കുന്നത് സുനിലും.

വിവിധ ലോകഭാഷകളിൽ സിനിമയ്ക്കും നാടകത്തിനും ചിത്രകലയ്ക്കും ഒക്കെ വിഷയമായ ഉബു റോയ് നാടകം 1896-ൽ പാരീസിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ അത് നാടകരംഗത്തെ എല്ലാ സാമ്പ്രദായികതകളെയും സമൂഹത്തിലെ പല പൊതുധാരണകളെയും പിടിച്ചുലച്ചു. ജാരി 23-ാം വയസിൽ രചിച്ച നാടകത്തെ ആധുനികതയുടെ നാന്ദിയായും ഡാഡായിസം, സർറിയലിസം, തിയേറ്റർ ഓഫ് അബ്സർഡ് എന്നിവയുടെ മുന്നോടിയായും ഒക്കെ പിൽക്കാലത്ത് പണ്ഡിതർ വിലയിരുത്തി.

സംവിധായകനും സീനോഗ്രാഫറും എഴുത്തുകാരനും ആയ ദീപൻ ശിവരാമൻ ദില്ലിയിലെ അംബേദ്കർ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് കൾച്ചർ ആന്റ് ക്രിയേറ്റീവ് എക്‌സ്‌പ്രഷൻസിലെ മുൻ ഡീനും അസോസിയേറ്റ് പ്രൊഫസറും ആണ്.

ദി കാബിനറ്റ് ഓഫ് ഡോ. കാലിഗരി, സ്‌പൈനൽ കോഡ് (2009), പീർ ജിന്റ് (2010), ഇറ്റ്‌സ് കോൾഡ് ഇൻ ഹിയർ (2014), വർക്ക് ഇൻ പ്രോഗ്രസ് (2017), ഡാർക്ക് തിങ്‌സ് (2017) എന്നിവയാണ് ദീപന്റെ പ്രധാന നാടകങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *