കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ സാഹിത്യ നഗരമായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെടുന്നതിൽ നേതൃത്വം നൽകിയ മേയർ ഡോ. ബീന ഫിലിപ്പിനെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഇംഗ്ലീഷ് ഭാഷ വിഭാഗം (സെൽഫ് ഫിനാൻസിങ്) സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. സതീഷ് ജോർജ് ആദരിച്ചു. ചടങ്ങിൽ മേയർ ഭാഷാ സാഹിത്യവിഭാഗത്തിന്റെ വാർഷിക സാഹിത്യോത്സവമായ`ട്രൈബ് 2024′ ന്റെ ലോഗോ പ്രകാശനം നടത്തി.
യുനെസ്കോ സാഹിത്യ നഗര പദവിക്കായി കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ തടത്തിയ തയ്യാറെടുപ്പുകൾ വിശദീകരിച്ചുകൊണ്ട് സാഹിത്യ നഗരമെന്ന നിലയിലുള്ള കോഴിക്കോടിന്റെ യശസ്സ് നിലനിർത്തുന്നതിൽ ട്രൈബ് ഉൾപ്പെടെയുള്ള കോളേജ് സാഹിത്യോത്സവങ്ങളുടെ പങ്ക് നിർണായകമാണെന്ന് മേയർ പറഞ്ഞു.
വൈസ് പ്രിൻസിപ്പൽമാരായ ഫാ.ആന്റോ NJ, ഫാ. ഡോ. സുനിൽ ജോസ്, അക്കാഡമിക് കോ – ഓർഡിനേറ്റർ ഡോ. സനാതനൻ വെള്ളുവ, ഇംഗ്ലീഷ് ഭാഷാ വിഭാഗം (സെൽഫ് ഫിനാൻസിങ്) തലവൻ ഡോ. സി വി എബ്രഹാം, ട്രൈബ് ഫെസ്റ്റ് കോഡിനേറ്റർ അപർണ കാർത്തിക് എന്നിവർ സംസാരിച്ചു.
ഈ മാസം 17, 18 തീയതികളിലായി നടത്തപെടുന്ന`ട്രൈബ്’ ഫെസ്റ്റിൽ, ദേശീയ സെമിനാർ, ഇന്റർകോളീജിയറ്റ് സാഹിത്യ മത്സരങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ,പ്രഭാഷണ പരമ്പരകൾ എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.`പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാവുക’ എന്നതാണ് ട്രൈബ് ഫെസ്റ്റിന്റെ പ്രമേയം.

