കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ടുകാരായ മൺമറഞ്ഞ വിളയിൽ ഫസീലയുടെയും റംല ബീഗത്തിന്റെയും ഓർമകളിലലിഞ്ഞ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട “വിളയിൽ ഫസീല, റംലാബീഗം, ഇശൽ പൂത്തകാലം” എന്ന സെഷനിലായിരുന്നു ഇരുവരെയും അനുസ്മരിച്ചത്. പ്രമുഖ മാപ്പിളപ്പാട്ടു ഗായകരായ ഫൈസൽ എളേറ്റിൽ, ഒ എം കരുവാരക്കുണ്ട്, ഇന്ദിര ജോയ്, ഇഷ്റത്ത് സബ തുടങ്ങിയവർ സംവദിച്ച സെഷനിൽ ഇരുവരും മാപ്പിളപ്പാട്ട് ശാഖയ്ക്ക് നൽകിയ സംഭാവനകൾ ചർച്ച ചെയ്തു.
സംഗീതം ശാസ്ത്രീയമായി പഠിച്ചിരുന്നില്ലെങ്കിലും ഇരുവരും മുന്നോട്ടു വന്ന വഴികൾ അതുല്യമായിരുന്നു. മുൻ മാതൃകയില്ലാത്തൊരു പാട്ടുകാരിയായിരുന്നു വിളയിൽ ഫസീലയെന്നും മാപ്പിളപ്പാട്ട് രചയിതാവായ ഒ എം കരുവാരക്കുണ്ട് അനുസ്മരിച്ചു. പാട്ടിന്റെ ‘സംഗതി’യെക്കാൾ ശ്രുതിയും താളവും മെച്ചപ്പെടുത്താനായിരുന്നു അവർ ശ്രമിച്ചത്. റംല ബീഗത്തിന്റെ മാപ്പിളപ്പാട്ടു സഞ്ചാരം അതുല്യമായിരുന്നു. ഞങ്ങളുടെ ജീവിത പരിസരം തന്നെയാണ് ഞങ്ങളുടെ പാട്ടുകൾ, ഫസീലത്തയും റംലത്തയും സൃഷ്ടിച്ച സ്വര മാതൃകകളെല്ലാം ഞങ്ങളുടെ ജീവിതമാതൃക കൂടിയായിരുന്നുവെന്ന് ഇന്ദിര ജോയ് പറഞ്ഞു.
മറ്റു ഗായകരെയും ഗാനരചയിതാക്കളെയും പരിഗണിക്കുന്ന അതുല്യ പ്രതിഭയായിരുന്നു വിളയിൽ ഫസീലയെന്ന് ഫൈസൽ എളേറ്റിൽ അനുസ്മരിച്ചു. ഇരുവരും അവതരിപ്പിച്ച സംഗീതങ്ങളെ ഇഷ്റത്ത് സബ പുനരവതരിപ്പിച്ച സെഷനിൽ മാപ്പിളപ്പാട്ടുകളുടെ പുതുമുഖ സഞ്ചാരങ്ങളെക്കൂടെ ചർച്ച ചെയ്തു.
എൽഎഫിന്റെ സമാപന ദിവസമായ ഞായറാഴ്ച മൂന്നു വേദികളിലായി 24 സെഷനുകൾ നടക്കും.
വിളയിൽ ഫസീലയുടെയും റംലയുടെയും ഓർമയിലലിഞ്ഞ്

