കർഷകർക്കായി കാർഷിക യന്ത്രങ്ങളുടെ റിപ്പയർ ക്യാമ്പ്

മേലടി: കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷനും മേലടി ബ്ലോക്ക് പഞ്ചായത്തും തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പിന് ബുധനാഴ്‌ച തുടക്കമാകും. ‘കാർഷിക യന്ത്രം സർവ്വം ചലിതം മേലടി’ – എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് നവംബർ പതിനഞ്ച് മുതൽ ഡിസംബർ നാല് വരെ മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് നടക്കുക.

മേലടി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന തുറയൂർ, കീഴരിയൂർ, മേപ്പയ്യൂർ, തിക്കോടി, എന്നീ പഞ്ചായത്തുകളിലെയും പയ്യോളി മുനിസിപ്പാലിറ്റിയിലെയും എല്ലാ കാർഷിക യന്ത്രങ്ങളും അറ്റകുറ്റപ്പണി തീർത്തു നൽകുക എന്നതാണ് ഈ ക്യാമ്പിന്റെ പ്രാഥമിക ലക്ഷ്യം. ഈ സേവനം തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്. എന്നാൽ, ഏതെങ്കിലും സ്പെയർ പാർട്സുകൾ ആവശ്യമായി വന്നാൽ ആ തുക മാത്രം കർഷകരിൽ നിന്നും ഈടാക്കും. സ്പെയർ പാർട്സുകൾ യഥാസമയം ലഭ്യമാക്കാനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.

കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യുന്നതിനോടൊപ്പം കർഷകരിൽ യന്ത്രങ്ങളുടെ പരിപാലനത്തെക്കുറിച്ച് അവബോധമുണ്ടാക്കി എടുക്കുന്നതിനും ക്യാമ്പ് ലക്ഷ്യം വെക്കുന്നുണ്ട്. ട്രാക്ടർ, ടില്ലർ തുടങ്ങിയ വലിയ യന്ത്രങ്ങൾ കർഷകർ ആവശ്യപ്പെടുന്ന സ്ഥലത്ത് ചെന്ന് റിപ്പയർ ചെയ്യുന്ന മൊബൈൽ അഗ്രോ മെഷിനറി റിപ്പയർ യൂണിറ്റിന്റെ സേവനവും ഈ ക്യാമ്പിൽ നൽകുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ ക്യാമ്പാണ് മേലടിയിൽ നടക്കാൻ പോകുന്നത്. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രം കൂത്താളിയിലെ വിദഗ്ധരായ ടെക്നിഷ്യൻമാരാണ് ഈ ക്യാമ്പിന് നേതൃത്വം നൽകുന്നത്. ബ്രഷ് കട്ടർ, ചെയിൻ സൊ, ടില്ലർ, ട്രാക്ടർ തുടങ്ങി ഏതൊരു കാർഷിക യന്ത്രവും ഈ ക്യാമ്പിൽ പ്രവർത്തനക്ഷമമാക്കുന്നതാണ്. ക്യാമ്പിന് വേണ്ട സാങ്കേതിക ഉപദേശങ്ങൾ കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ മുഖ്യ നിർവഹണ ഓഫീസർ ഡോ യു ജയ്‌കുമാർ നൽകും.

മേലടി ബ്ലോക്കിലെ എല്ലാ കർഷകരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത ഹരിദാസ് അറിയിച്ചു. ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കായി 9497009673 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *