കോഴിക്കോട്: പുതുതലമുറയുടെ ശാസ്ത്രീയ ആശയങ്ങൾ പരീക്ഷിക്കാനും വികസിപ്പിക്കാനുമുള്ള ടിങ്കറിങ് ലാബ് പറയഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജം. മന്ത്രി അഹമ്മദ് ദേവർ കോവിൽ ലാബ് ഉദ്ഘാടനം ചെയ്തു.
ക്ലാസ് മുറിയിൽ നിന്ന് നേടിയ അറിവുകൾ പ്രയോഗവൽക്കരിക്കാനുളള ഇടമായി ടിങ്കറിങ് ലാബ് പ്രവർത്തിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ കൂടുതൽ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി രേഖ അധ്യക്ഷത വഹിച്ചു.
യുആർസി സൗത്ത് പ്രത്യേകം വിഭാവനം ചെയ്ത പദ്ധതി നഗരത്തിലെ മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുൾപ്പെടെ സൗജന്യ പരിശീലനം നൽകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട 90 വിദ്യാർത്ഥികൾക്കുള്ള പരിശീലനം ആരംഭിക്കും.
കോഡിങ്, റോബോട്ടിക്‌സ്, ത്രീഡി പ്രിന്റുകൾ, സെൻസർ കിറ്റുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ലാബിലൊരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നൂതന പഠനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌കൂളിൽ ടിങ്കറിങ് ലാബ് സജ്ജമാക്കിയത്.

