‹

കുട്ടി ഡ്രൈവർമാർ മൂലം നിരത്തുകൾ ചോരക്കളം; നടപടി ശക്തമാക്കണം

കോഴിക്കോട്: കുട്ടി ഡ്രൈവർമാർ മൂലം നിരത്തുകൾ ചോരക്കളമാകുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് കോടതികളും പോലീസും സ്വീകരിക്കുന്ന നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് മലബാർ നേച്ചർ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.  കോട്ടക്കലിൽ ചേർന്ന യോഗത്തിൽ ഗോപാലകൃഷ്ണൻ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് തടയാൻ രക്ഷിതാക്കൾക്കെതിരെയും വാഹനം നൽകുന്ന ഉടമകൾക്കെതിരെയും നിയമപ്രകാരം കർശന നടപടി സ്വീകരിക്കണം. സ്കൂൾ – കോളേജ് പരിസരങ്ങളിലും പ്രധാന ജംഗ്ഷനുകളിലും പോലീസ് പരിശോധന ശക്തമാക്കണം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ബോധവൽക്കരണ ക്ലാസുകൾ നടത്താൻ സംഘടന തീരുമാനിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകും.

മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ചും, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ താലൂക്കുകൾ കേന്ദ്രീകരിച്ചും കമ്മിറ്റി രൂപീകരിക്കുന്നതിന് യോഗം തുടക്കമിട്ടു. പൊതുജന സേവനത്തിന് കോട്ടക്കൽ, എടക്കര എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഓഫീസ് തുറക്കും.

അബ്ദുറഹിം പരപ്പനങ്ങാടി, റഫീഖ് മേച്ചേരി പന്തീരങ്കാവ്, നാസർ മാട്ടുമ്മൽ, സുബൈദ ഫാറൂക്ക്, ഖദീജ ശിഹാബ് തിരൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശംസുദ്ധീൻ സ്വാഗതവും സ്വാലിഹ് തങ്ങൾ തിരൂരങ്ങാടി നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000