‹

ക്ഷീരകര്‍ഷകര്‍ക്ക് കേരളപ്പിറവി സമ്മാനമായി മലബാര്‍ മില്‍മ 3.75 കോടി രൂപ നല്‍കും

കോഴിക്കോട്:  മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് കേരളപ്പിറവി സമ്മാനമായി 3.75 കോടി രൂപ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്സിഡിയായും നല്‍കും.  മലബാര്‍ മേഖലാ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതു പ്രകാരം 2026 നവംബര്‍ 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ സംഭരിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള പാലിന് ഒരു രൂപ അധികപാല്‍ വിലയായി ലഭിക്കും. നവംബറില്‍ മേഖലാ യൂണിയന്‍ പ്രതീക്ഷിക്കുന്ന സംഭരണം 200 ലക്ഷം ലിറ്റര്‍ പാലാണ്. ഇതു പ്രകാരം രണ്ട് കോടി രൂപ മലബാറിലെ ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരും.

മലബാറിലെ ക്ഷീരോൽപാദനത്തിന് ഉണര്‍വ് നല്‍കുന്നതിനായി മേഖലാ യൂണിയന്‍ നടപ്പാക്കി വരുന്ന ക്ഷീരധാര പദ്ധതി പ്രകാരം നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിത്. ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി മേഖലാ യുണിയന്  അധികമായി നല്‍കുന്ന ഓരോ ലിറ്റര്‍ നിശ്ചിത ഗുണനിലവാരമുള്ള പാലിനും അഞ്ചു രൂപ വീതം അധിക പാല്‍വിലയായി  ക്ഷീരധാര പദ്ധതി പ്രകാരം നിലവില്‍ ലഭിക്കുന്നുണ്ട്.

നവംബര്‍ 1 മുതല്‍ 30 വരെ ഡെയറിയില്‍ ലഭിച്ച പാലിന്റെ അളവു കണക്കാക്കി അധിക പാല്‍വില ക്ഷീര സംഘങ്ങളുടെ ബാങ്ക് എക്കൗണ്ടുകളിലേക്ക് ഡിസംബര്‍ മാസത്തെ പാല്‍വിലയോടൊപ്പം നല്‍കും. ക്രിസ്മസിന് മുമ്പായി സംഘങ്ങള്‍ തുക ക്ഷീര കര്‍ഷകര്‍ക്ക് കൈമാറും.

അധിക പാല്‍വിലയ്ക്കു പുറമെ കാലിത്തീറ്റക്കും സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 200 രൂപ വീതവും മില്‍മ ബൈപ്രോ കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 100 രൂപ വീതവും, എംആര്‍ഡിഎഫ് ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന ടിഎംആര്‍ കാലിത്തീറ്റക്ക് കിലോയ്ക്ക് ഒരു രൂപവീതവും  നവംബറില്‍ സബ്‌സിഡി ലഭിക്കും. ഇതുപ്രകാരം  കാലിത്തീറ്റ സബ്‌സിഡിയായി നവംബറില്‍ ക്ഷീര കര്‍ഷകരിലേക്ക് 175 ലക്ഷം രൂപ എത്തിച്ചേരും. ഇതുള്‍പ്പെടെ 2026 – 27 സാമ്പത്തിക വര്‍ഷത്തില്‍ മലബാറിലെ ക്ഷീരകര്‍ഷകര്‍ക്ക് 12 കോടി രൂപ മേഖലാ യൂണിയന്‍ സബ്‌സിഡിയായി അനുവദിച്ചിട്ടുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റര്‍  വര്‍ക്കി ജോര്‍ജ് അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000