ചെങ്കടലായി കോഴിക്കോട്
കോഴിക്കോട്: നഗരത്തെ ചെങ്കടലാക്കിയ ബഹുജന റാലിയോടെ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് സമാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരങ്ങളാണ് റാലിയിൽ അണിനിരന്നത്. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ ചേർന്ന സമാപന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. തിരിച്ചടികൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും സംഭവിച്ച പിശകുകൾ തിരുത്തി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്ര വലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിലുണ്ടായി. പുരോഗതിയെ എതിർക്കുന്ന പ്രതിലോമ ശക്തികളെ കൂടെക്കൂട്ടിയുള്ള കുപ്രചാരണങ്ങളാണ് നടന്നത്. അതിദാരിദ്ര്യം തുടച്ചു നീക്കുന്നത് ഉൾപ്പെടെ നിരവധി നേട്ടങ്ങളുണ്ടായിട്ടും അതെല്ലാം മറച്ച് വെച്ച് ഇടതുമുന്നണിക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നു. കള്ള പ്രചാരണങ്ങളെ ചെറുക്കുന്നതിലും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിലും നേരിയ പിശക് പറ്റിയിട്ടുണ്ട്. എല്ലാ തിരുത്തി മുന്നേറുമെന്നും പാർട്ടിക്ക് കരുത്തു പകരുന്ന തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ആർ എസ് എസ് അജണ്ടകൾ കൃത്യമായി നടപ്പാക്കി മുന്നോട്ട് പോവുകയാണ് യുഡിഎഫ് സർക്കാറെന്ന് ചടങ്ങിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. പി എം ശ്രീ, വഖഫ് വിഷയങ്ങളിലെല്ലാം ആർ എസ് എസിനെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പിഎം ശ്രീ നടപ്പിലാക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ ആർ എസ് എസ് അജണ്ട നടപ്പിലാക്കലാണ്. പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് തടസമില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പിഎം ശ്രീ നടപ്പിലാക്കണമെന്ന വാശിയിൽ മുന്നോട്ട് പോവുകയാണ് യുഡിഎഫ് സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സംഘടനാപരമായും പ്രത്യയശാസ്ത്രപരവുമായും പാർട്ടിക്ക് കൂടുതൽ കരുത്ത് നേടുന്നതിനുള്ള തീരുമാനങ്ങളാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പി ബി അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു.