മലബാര്‍ മില്‍മ കാലിത്തീറ്റ സബ്‌സിഡി  വര്‍ദ്ധിപ്പിച്ചു

കോഴിക്കോട്: മലബാര്‍ മില്‍മ കാലിത്തീറ്റക്ക്  നല്‍കി വരുന്ന സബ്‌സിഡി തുക വര്‍ദ്ധിപ്പിച്ചു.  മലബാര്‍ മേഖല യൂണിയന്‍ ഭരണസമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മില്‍മയുടെ സമീകൃത കാലിത്തീറ്റയായ മില്‍മ ഗോമതി ഗോള്‍ഡിന് നല്‍കിയിരുന്ന സബ്‌സിഡി ഇരട്ടിയാക്കി. ഗോമതി ഗോള്‍ഡിന് 50 കിലോ ചാക്കൊന്നിന് 200 രൂപയാണ് സബ്‌സിഡി പ്രഖ്യാപിച്ചത്. ഉയര്‍ന്ന പാലുല്‍പാദന ക്ഷമതയുള്ള പശുക്കള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത മില്‍മ ബൈപാ കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്ക് ഒന്നിന് 100 രൂപ വീതവും സബ്‌സിഡി ലഭിക്കും.  സെപ്തംബര്‍ മാസത്തില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എല്ലാക്ഷീര സംഘങ്ങളിലൂടെയും വിതരണം ചെയ്യുന്ന  മില്‍മ കാലിത്തീറ്റക്ക് മേല്‍പ്പറഞ്ഞ സബ്‌സിഡി ലഭ്യമാകും.

ഇത് കൂടാതെ ക്ഷീര സംഘങ്ങളില്‍ നിന്നും ക്ഷീര കര്‍ഷകര്‍ വാങ്ങുന്ന മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ ട്രൂ മീല്‍ ടി.എം.ആര്‍ കാലിത്തീറ്റക്ക് കിലോഗ്രാമിന് ഒരു രൂപ വീതം സബ്‌സിഡി നല്‍കുന്നതാണ്. ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡി നല്‍കുന്നതിന് വേണ്ടി യൂണിയന്‍ 172 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് ക്ഷീര സംഘം പ്രസിഡന്റ് പ്രബിതയുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയും അനുവദിച്ചതായി മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.പ്രേംലാല്‍ എന്നിവര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000