നാളികേര പുനരുദ്ധാരണ പദ്ധതി ഉടന്‍ ആരംഭിക്കും -മന്ത്രി ടി സിദ്ദീഖ്
കോഴിക്കോട്: കേരളത്തില്‍ നാളികേര ഉല്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നാളികേര പുനരുദ്ധാരണ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദീഖ്. വേങ്ങേരി തടമ്പാട്ടുതാഴത്തെ കാര്‍ഷിക വിപണന കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനമായിട്ടും ഏറ്റവും കുറവ് ഉല്പാദനം ഇവിടെയാണ്. ഇത് പരിഹരിക്കാന്‍ മികച്ച ഉല്പാദനക്ഷമതയുള്ള തെങ്ങിന്‍തൈകള്‍ കൈമാറും. നാളികേര പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷക ദിനത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ 2000 പച്ചക്കറി ചന്തകള്‍ ആരംഭിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ഓണക്കാലത്ത് വിലവര്‍ധന തടയുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.
വേങ്ങേരി മാര്‍ക്കറ്റില്‍ സ്ഥിരം ജൈവ പച്ചക്കറി ചന്ത ആരംഭിക്കും. നാളികേരത്തിന്റെ പ്രധാന ഇടമാക്കി ഇതിനെ മാറ്റും. മാര്‍ക്കറ്റിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനം വിപുലമാക്കും. കൃഷിസംബന്ധമായ കാര്യങ്ങള്‍ക്കല്ലാതെ മാര്‍ക്കറ്റ് ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കൃഷി ഉപയുക്തമാക്കും. വേങ്ങേരി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. കെ ജയന്ത് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയെ അനുഗമിച്ചു.