കോഴിക്കോട്: കേരള പോലീസ് സൈബർഡോമിൻ്റെ സൈബർ ഡിവിഷൻ നടപ്പിലാക്കുന്ന കിഡ്ഗ്ലോവ് പദ്ധതിയുടെ ഭാഗമായി ഗവ. സൈബർപാർക്കുമായി സഹകരിച്ച് ഡിജിറ്റൽ ലഹരിവിമോചന സെഷൻ സംഘടിപ്പിച്ചു. സൈബർപാർക്കിലെ സഹ്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസിപി പ്രദീപ് കുമാർ എസ്.എം. ഉദ്ഘാടനം ചെയ്തു.
മൊബൈലിനെയും കമ്പ്യൂട്ടറിനെയും അമിതമായി ആശ്രയിക്കുന്നത് നിയന്ത്രിക്കുന്നതിനെക്കുറിച്ചും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനെക്കുറിച്ചും സെഷനിൽ ബോധവൽക്കരണം നടന്നു. കോഴിക്കോട് ഡി.സി.ആർ.സി കൗൺസിലർ ജ്യോതിക വി.ജെ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ (ഡി-ഡാഡ്) അഭിരാമി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സൈബർപാർക്ക് അധികൃതരും വിവിധ കമ്പനികളിലെ ഐടി ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. വർത്തമാനകാലത്ത് ഡിജിറ്റൽ ആരോഗ്യത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടി.
ചടങ്ങിൽ സൈബർപാർക്ക് എച്ച്ആർ ആൻഡ് മാർക്കറ്റിംഗ് മാനേജർ എം അനുശ്രീ ആശംസ അറിയിച്ചു.

