‘ഓപറേഷന്‍ രക്ഷിത’:  പരിശോധന ശക്തമാക്കി

കോഴിക്കോട്: ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആരംഭിച്ച ‘ഓപറേഷന്‍ രക്ഷിത’യുടെ ഭാഗമായി  ജില്ലയില്‍ പരിശോധന ശക്തമാക്കി. റെയില്‍വേ പൊലീസ്, ലോക്കല്‍ പൊലീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

റെയില്‍വേ സ്റ്റേഷനുകളിലെ എന്‍ട്രി, എക്സിറ്റ് കവാടങ്ങളിലും പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലുമുള്ള പരിശോധന കര്‍ശനമാക്കി. മദ്യലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആല്‍ക്കോമീറ്റര്‍ പരിശോധന വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും യാത്രാ ട്രെയിനുകളിലും മയക്കു മരുന്നുകളും നിരോധിത പുകയില ഉല്‍പന്നങ്ങളും ഹവാല പണവും കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളില്‍ ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവ കണ്ടെത്തിയാല്‍ ബോംബ് സ്‌ക്വാഡ്, കെ-9 സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ അടിയന്തര പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

‘ഓപറേഷന്‍ രക്ഷിത’യുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് നാല് റെയില്‍വേ ഡിവൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ വനിത പോലീസ് ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിങ്ങും സ്ത്രീകള്‍ കൂടുതലുള്ള കമ്പാര്‍ട്ട്മെന്റുകളില്‍ പരിശോധനയും ശക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയും അനധികൃത പ്രവര്‍ത്തനങ്ങള്‍, മദ്യപിച്ച് യാത്ര ചെയ്യല്‍, ലഹരിക്കടത്ത്, വനിത യാത്രികരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയവ തടയുകയാണ് പ്രധാന ലക്ഷ്യം.

റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെയും യാത്രാ ട്രെയിനുകളില്‍ ടിക്കറ്റില്ലാതെയും യാത്ര ചെയ്യുന്നവരെയും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെയും കര്‍ശനമായി നിരീക്ഷിക്കുന്നതിനൊപ്പം ഇത്തരക്കാര്‍ക്കെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ നിയമസഹായത്തിന് ബന്ധപ്പെടാനുള്ള സുരക്ഷാ ആപ്പ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. 

റെയില്‍വേ യാത്രക്കാര്‍ക്ക് സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളെയോ കണ്ടാല്‍ അടുത്തുള്ള പോലീസുകാരെയോ റെയില്‍ അലര്‍ട്ട് കണ്‍ട്രോള്‍ (9846200100), ഇ.ആര്‍.എസ്.എസ് കണ്‍ട്രോള്‍ (112), റെയില്‍വേ ഹെല്‍പ്പ് ലൈന്‍ (139) എന്നിവയിലോ വിവരം നല്‍കാം.