സ്തനാര്‍ബുദ ബോധവത്കരണ മാസാചരണം ജില്ലാതല ഉദ്ഘാടനം
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. ജനറല്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം നിര്‍വഹിച്ചു.
ജനറല്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനുരാധ ശിവദാസന്‍ അധ്യക്ഷയായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ്, കാന്‍സര്‍ രോഗ വിഭാഗം മേധാവി ഡോ. രശ്മി എന്നിവര്‍ സംസാരിച്ചു. കാന്‍സര്‍ രോഗവിഭാഗം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അനീന ബോധവത്കരണ ക്ലാസ് നയിച്ചു.
മാസാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്തനാര്‍ബുദ രോഗനിര്‍ണയ ക്യാമ്പ്, ബോധവത്കരണ ക്ലാസുകള്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ബോധവത്കരണ ക്ലാസ്, സ്തനാര്‍ബുദ സ്ക്രീനിങ് എന്നിവ നടത്തും. സ്ക്രീനിങ് ചെയ്തവരെ പിന്നീട് മാമോഗ്രാം പരിശോധനക്കും എഫ്.എന്‍.എ.സി/ബയോപ്സി പരിശോധനക്കും വിധേയരാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് കാന്‍സര്‍ ചികിത്സാ വിഭാഗത്തിന്റ സഹകരണത്തോടെ ചികിത്സ നിര്‍ണയിച്ച ശേഷം തുടര്‍ചികിത്സ ജനറല്‍ ആശുപത്രി ക്യാന്‍സര്‍ വിഭാഗത്തില്‍ നല്‍കും.
സ്തനാര്‍ബുദം: ലക്ഷണങ്ങള്‍
സ്തനങ്ങളില്‍ തടിപ്പ്, മുലക്കണ്ണുകളില്‍നിന്ന് സ്രവം വരുക, കക്ഷത്തിലെ കഴല, മുലഞട്ട് ഉള്ളിലേക്ക് വലിയുക, മുഴ, തൊലിപ്പുറത്തെ പരുപരുപ്പ്, മുല ഞെട്ടുകളിലും ചുറ്റുമുള്ള ഭാഗത്തും നിറവ്യത്യാസം എന്നിവ സ്തനാര്‍ബുദ ലക്ഷണങ്ങളാവാം.
സ്വയംപരിശോധനയിലോ ക്ലിനിക്കല്‍ സ്തനപരിശോധനയിലോ സംശയം ഉണ്ടെങ്കില്‍ വിദഗ്ധ ഡോക്ടറുടെ പരിശോധന ഉറപ്പാക്കണം. 20 വയസ്സ് മുതല്‍ സ്വയംപരിശോധന ശീലമാക്കുകയും 30 വയസ്സിന് മുകളിലുള്ളവര്‍ ഡോക്ടറെ കണ്ട് പരിശോധിക്കുകയും വേണം.