കോഴിക്കോട്: ഫെഡറൽ ബാങ്കിന്റെ സി എസ് ആർ വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സഞ്ജീവനി പദ്ധതിയുടെ ഭാഗമായി എം.വി.ആർ കാൻസർ സെൻ്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികളുടെ ചികിത്സസഹായത്തിനായി നടത്തുന്ന സാമൂഹികപ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സുതീഷ് എ, കെയർ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.എൻ കെ.മുഹമ്മദ് ബഷീറിന് ധാരണാപത്രം കൈമാറി.
കാൻസർ എന്ന മഹാവിപത്തിനെതിരെ ബോധവൽക്കരണത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ഫെഡറൽ ബാങ്കിന്റെ സി എസ് ആർ പദ്ധതിയാണ് സഞ്ജീവനി. പദ്ധതിയുടെ ഭാഗമായി എം വി ആർ കാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സുതീഷ് എ പറഞ്ഞു.
ഫെഡറൽ ബാങ്കിന്റെ സി എസ് ആർ മേധാവി ഷാജി കെ വി, കോഴിക്കോട് റീജിയണൽ മേധാവി പ്രമോദ് കുമാർ ടി വി, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം, ബാങ്കിന്റെ കുന്ദമംഗലം ശാഖാ മാനേജർ റിതു ജോയ്, കെയർ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ ജെ ബാബു, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഹമദ് ബിൻ ഖാലിദ് , സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ഹെഡ് അഡ്വ ഭവിത, തുടങ്ങിയവരും സന്നിഹിതരായി.
ഫെഡറൽ ബാങ്ക് സഞ്ജീവനി പദ്ധതിയിലൂടെ എം.വി.ആർ ക്യാൻസർ സെൻ്റർ രോഗികൾക്ക് സഹായഹസ്തം

