കിടങ്ങൊരുക്കി
ഉയരുന്ന റോഡ്

കോഴിക്കോട്: ഒന്നോ രണ്ടോ വർഷം ഇടവിട്ട് തുടരെ ടാറിങ് നടക്കുന്നതിനിടക്ക് ഉയർന്നുയർന്നു പോകുന്ന റോഡുകൾ പലപ്പോഴും പലയിടങ്ങളിലും വാഹനഗതാഗതത്തിനും പദയാത്രികർക്കും അപകടകാരിയായി മാറുന്നു.

പണ്ടൊക്കെ റോഡിൽ ടാറിങ് നടത്തുന്നതിനോടൊപ്പം വശങ്ങളിലെ മൺഭാഗങ്ങൾ ചാലുകളായി താഴ്ന്നുകിടന്ന് അപകടങ്ങൾക്കു വഴിവെക്കാതിരിക്കാൻ റോഡിനിരുവശത്തിന്റെയും ഉയരം ടാർ ചെയ്ത ഭാഗത്തോടു പൊരുത്തപ്പെടുത്താൻ മണ്ണും കരിങ്കൽപ്പൊടിയും മറ്റും പാകുന്ന പതിവുണ്ടായിരുന്നു.

ഇപ്പോൾ ടാറിട്ട ഭാഗം ഉയർന്നുയർന്നു പോവുകയല്ലാതെ റോഡിന്റെ അരികു ഭാഗങ്ങൾ ഒപ്പം ഉയരുന്നില്ല; താഴ്ന്നുതാഴ്ന്നു പോവുകയാണ് ചെയ്യുന്നത്. റോഡപകടങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനു പ്രതിവിധികൾ പലതും പ്രയോഗത്തിലാക്കിക്കൊണ്ടിരിക്കുന്ന കാലത്തും ഈ അവസ്ഥ നിലനിൽക്കുന്നത് വിചിത്രം.

നഗരപ്രാന്തങ്ങളിലോ വിദൂര ഗ്രാമങ്ങളിലോ മാത്രമല്ല, നഗരമധ്യത്തിലെ ചില ബസ് സ്റ്റോപ്പുകൾക്കു മുന്നിൽ പോലും ഇങ്ങനെ ഉളവായ ഓവുകൾ കാണാം. മഴപെയ്ത് വെള്ളം നിറഞ്ഞു കിടക്കുമ്പോൾ പ്രദേശവാസികളല്ലാത്ത യാത്രക്കാർക്ക് ഈ കിടങ്ങുകൾ വരുത്തിവെക്കാവുന്ന അപകടം ഒഴിവാക്കാൻ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

മഴയത്ത് കരുതണേ: കോഴിക്കോട് കോർപറേഷനിലെ ഒരു റോഡിനും ബസ് സ്റ്റോപ്പിനും ഇടയിലെ കിടങ്ങ്

Leave a Reply

Your email address will not be published. Required fields are marked *