‹

ടു മില്യൺ പ്ലഡ്ജ്: ജൂൺ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജില്ലാ കേന്ദ്രം ടൗൺ ഹാൾ, ഒരേസമയം 42,000 കേന്ദ്രങ്ങളില്‍ പ്രതിജ്ഞ ചൊല്ലും

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെയും പിന്തുണയോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജ്’ ജൂണ്‍ 26 ന് രാവിലെ 11.30ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രതിജ്ഞ ചൊല്ലി കൊടുക്കും.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയ- സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും സർക്കാർ, അർദ്ധസർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ സാമൂഹിക സാംസ്കാരിക സംഘടനകൾ, മത- വ്യാപാര-വ്യവസായ മേഖലകൾ, തൊഴിലാളി സംഘടനകൾ, സ്വയം സഹായ ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവരും പ്രതിജ്ഞയുടെ ഭാഗമാകും. പ്രതിജ്ഞയുടെ ജില്ലാതല വേദി കോഴിക്കോട് ടൗണ്‍ ഹാളാണ്. ടൂ മില്യണ്‍ പ്ലഡ്ജുമായി ബന്ധപ്പെട്ട പരിപാടികള്‍ രാവിലെ 10.30 മുതല്‍  ടൗണ്‍ ഹാളില്‍ ആരംഭിക്കും.

ജില്ലയിലെ 20 ലക്ഷം പേര്‍ ഒരുമിച്ച് ഒരേസമയം 42000 കേന്ദ്രങ്ങളില്‍ പ്രതിജ്ഞയെടുക്കുന്നതിലൂടെ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ചരിത്രം കുറിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്രതിജ്ഞ ചടങ്ങുകളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രതിജ്ഞ കേന്ദ്രങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ പ്രത്യേകം വിലയിരുത്തി അംഗീകാര സർട്ടിഫിക്കറ്റുകൾ നൽകും.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, കോഴിക്കോട് എസിപി എ ഉമേഷ്‌ എന്നിവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000