കോഴിക്കോട്: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നുവന്ന ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റുനേടി കാലിക്കറ്റ് എഫ് സി ചാമ്പ്യൻമാരായി. ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ് സിയുടെ അഭിജിത്ത് നേടിയ ഒരുഗോളിന് മലബാർ ക്രിസ്ത്യൻ കോളേജിനെ പരാജയപ്പെടുത്തി. 11 പോയന്റ് നേടിയ കൂരിയാൽ ബ്രദേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കെ ഡി എഫ് എ വൈസ് പ്രസിഡന്റ് എം പി ഹൈദ്രോസ്സിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ അബ്ദുൽ അസീസ്, കെ എഫ് എ മെമ്പർ സി കെ. അശോകൻ, മുൻ ഫുട്ബോളർ എൽ എസ്. ഋഷിദാസ് എന്നിവർ സംസാരിച്ചു.
കെ ഡി എഫ് എ സെക്രട്ടറി ഷാജേഷ് കുമാർ സ്വാഗതവും ജോ. സെക്രട്ടറി പി അബ്ദുൾ സലീം നന്ദിയും പറഞ്ഞു.
രണ്ടാമത്തെ മത്സരത്തിൽ കൂരിയാൽ ബ്രദേഴ്സ് ഏകപക്ഷീയമായ ഒരുഗോളിന് സീക്വീൻ കാലിക്കറ്റ് സോക്കറിനെ പരാജയപ്പെടുത്തി. കൂരിയാലിനുവേണ്ടി മുബഷീർ വിജയഗോൾ നേടി.
സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ നടന്നുവരുന്ന കാലിക്കറ്റ് എഫ് സി സെക്കന്റ് ഡിവിഷൻ ലീഗ് ഫുട്ബോളിൽ ആദ്യമത്സരത്തിൽ എ സി മിലാൻ ഒരുഗോളിന് ബ്രീസ് സ്പോർട്സ് ക്ലബ്ബിനെ പരാജയപ്പെടുത്തി.
രണ്ടാമത്തെ മത്സരത്തിൽ സോക്കർ അക്കാദമി കല്ലായി പെനാൽറ്റി കിക്കിൽ നേടിയ ഒരുഗോളിന് സി എൻ ഐ ടി എഫ് എ യെ പരാജയപ്പെടുത്തി.

