വീണ്ടും എംഡിഎംഎ വേട്ട: രണ്ട് യുവാക്കൾ അറസ്റ്റിൽ
ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് 12.5 ഗ്രാം എംഡിഎം എ പിടികൂടി
കോഴിക്കോട് : ഗോവിന്ദ പുരത്ത് നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തുന്ന രണ്ട് പേരെ പിടികൂടി. പൊക്കുന്ന് തളിക്കുളങ്ങര സ്വദേശി പുളിക്കൽ ഹൗസിൽ പി അരുൺകുമാർ (27), കുതിരവട്ടം മൈലാംപാടി സ്വദേശി അറ്റംപറമ്പിൽ ഹൗസിൽ പി റിജുൽ (29)എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ വി ആർ അരുണിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്.
ഗോവിന്ദപുരത്തെ റിജുൽ താമസിക്കുന്ന
വീട്ടിൽ നടത്തിയ പരിശോധയിലാണ് 12.5 ഗ്രാം എംഡിഎംഎയുമായി ഇവരെ പിടി കൂടുന്നത്. വിൽപന നടത്താനായി എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കുന്നതിനാണ് ഇവർ രണ്ട് പേരും വീട്ടിൽ ഒത്തു കൂടിയത്. മുമ്പ് ലഹരി മരുന്ന് കേസിൽപ്പെട്ട ഇവർ വീണ്ടും ലഹരി വിൽപന നടത്തുന്ന വിവരത്തിൽ ഇവർ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. അരുണിനെ 330 ഗ്രാം എംഡിഎംഎ യായി പിടി കൂടിയതിന് മീനങ്ങാടി എക്സൈസിൽ കേസുണ്ട്. ഇയാൾ 20 മാസത്തോളം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതാണ്. റിജുലിനെ 10ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ വർഷം ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടി കൂടി മൂന്ന് മാസം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതാണ്. രണ്ട് പേരും മാങ്കാവ് ഗോവിന്ദപുരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ്.
ഡാൻസാഫ് അംഗങ്ങളായ എസ്ഐ അബ്ദുറഹ്മാൻ കെ എ, എസ് ഐ അനീഷ് മൂസ്സേൻവീട്, സുനോജ് കാരയിൽ, സരുൺകുമാർ പി കെ , ഷിനോജ് എം , തൗഫീക്ക് ടി കെ , അതുൽ ഇ വി , മുഹമ്മദ് മഷ്ഹൂർ, മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്ഐമാരായ അമൽ ജോയ്, പ്രവീൺ കുമാർ എസ് കെ, എസ് സി പി ഒ ബിജോ ജെയിംസ്, റോഷ്നി പി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.