മഴക്കെടുതി നേരിടാന്‍ സര്‍വസജ്ജരായിരിക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം

കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലയിലെ മഴക്കെടുതി സാഹചര്യങ്ങള്‍ അവലോകനം ചെയ്ത യോഗത്തില്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സര്‍വസജ്ജരായിരിക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ സേവനങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. മണ്ണിടിച്ചിലിനും വെള്ളം കയറാനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം. ആവശ്യമായ ഘട്ടങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ക്കു കാത്തുനില്‍ക്കാതെ സത്വര നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ എല്ലാ പുഴകളിലും ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണെന്ന് യോഗം വിലയിരുത്തി. പുഴക്കരകളിലും കടല്‍തീരങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ദുരന്ത നിവാരണത്തിന് ആവശ്യമായ ബോട്ടുകള്‍, തോണികള്‍, ജെസിബികള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാണെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍,  ഡിഎം ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *