പാർലമെന്റ് തെരഞ്ഞെടുപ്പ് 2024
ഡോ. പി കെ ശശിധരൻ
ജനക്ഷേമം ആഗ്രഹിക്കുന്നവർ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. ഇടതുപക്ഷം ഒരു അനിവാര്യതയാണ്, അവർ ഭരിച്ചാലും ഇല്ലെങ്കിലും അവർ ഉണ്ടായേ തീരൂ. ഇടതുപക്ഷത്തെ അംഗീകരിക്കലാണ്, നിലനിർത്തലുമാണ് ജനാധിപത്യത്തിന്റെ കാതൽ. ഇടതുപക്ഷത്തെ പൂർണമായി ഇല്ലാതാക്കാൻ പോവുകയാണ് എന്ന രീതിയിൽ അട്ടഹസിക്കുന്നവർ ജനാധിപത്യം എന്താണെന്നു പോലും മറന്നവരാണ്, അല്ലെങ്കിൽ മനസിലാക്കാത്തവർ ആണ്. നിർഭാഗ്യവശാൽ ഇക്കൂട്ടരുടെ ധാരണ ഇടതുപക്ഷം എന്നാൽ കമ്യൂണിസം മാത്രം ആണെന്നാണ്. എന്നാൽ കമ്യൂണിസം ഇടതുപക്ഷമാണ് താനും. ഇടതുപക്ഷം ഏതായാലും അത് സാമ്പത്തിക ശാസ്ത്രത്തിൽ അടിയുറച്ച പ്രമാണങ്ങൾ മനസിലാക്കിയവരും അത് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവരുമാണ്. അല്ലാതെ, മതാടിസ്ഥാനത്തിൽ ഉണ്ടാവുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷം.
മനുഷ്യത്വം, മാനവികത, ജനാധിപത്യം, ബഹുസ്വരത, ശാസ്ത്രീയത എല്ലാം ഒന്നിച്ചു ചേരുമ്പോഴാണ് നല്ല ഇടതുപക്ഷം ഉണ്ടാവുന്നത്. ഇടതുപക്ഷ കാഴ്ചപ്പാടാണ് പ്രധാനം. അല്ലാതെ ഇടതു പക്ഷ കുടുംബത്തിൽ ജനിച്ചാൽ മാത്രം പോരാ എന്ന് കൂടി മനസ്സിലാക്കണം.
ഇന്ത്യ നന്നാവാൻ ഇനി എന്ത് വേണം?
മനുഷ്യത്വമുള്ളവർ, സാമാന്യ ബോധമുള്ളവർ, വിദ്യാഭ്യാസവും വിവേകവും ഉള്ളവർ മാത്രം അധികാരത്തിൽ വരണം.
മുസ്ലിം വിരോധം അധികാരത്തിലുള്ളവർ വച്ച് പുലർത്തുന്നത് ഭൂഷണമല്ല. അത് നാശത്തിലേക്കുള്ള കാൽവെപ്പാണ്.
ആരെങ്കിലും ഇന്ത്യയിൽ ക്രിസ്തു മതത്തെയോ, ഹിന്ദു മതത്തെയോ അല്ലെങ്കിൽ ഇസ്ലാം മതത്തെയോ വളർത്താനായി പ്രവർത്തിക്കുന്നുണ്ടങ്കിൽ അത് നിർത്തിവെക്കുകയും വേണം.
മതങ്ങൾക്ക് ജനനന്മക്കായി ഒന്നും ചെയ്യാനില്ല എന്ന് മനസ്സിലാക്കണം. കാരണം ജനങ്ങൾ എന്നാൽ ഹിന്ദുവോ, മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല
അവർ വെറും മനുഷ്യന്മാർ മാത്രമാണ്. എല്ലാവർക്കും വേണ്ടതൊക്കെ ഒന്ന് തന്നെയാണ് താനും. പിന്നെ എന്തിനു അവരെ മതത്തിന്റെ പേരിൽ വേർ തിരിക്കണം?
ഇന്ത്യ ഒരു മതേതര രാജ്യമായി തന്നെ നില നിൽക്കണം.
ജനാധിപത്യ സംവിധാനം മെച്ചപ്പെടണം.
നമുക്ക് വേണ്ടത് ഫാസിസമല്ല, ഏകാധിപത്യമല്ല.
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണം.
കമ്യൂണിസ്റ്റ് വിരോധം ഒരു രോഗമാണ് എന്ന് തിരിച്ചറിയണം.
വിവേകമുള്ള മുൻ ഭരണാധികാരികൾ ഒക്കെ കമ്യൂണിസ്റ്റ് നേതാക്കളെ ബഹുമാനത്തോടെ കണ്ടവരാണ് .
കമ്യൂണിസം സാമ്പത്തിക ശാസ്ത്രത്തിലും മാനവികതയിലും പാഠങ്ങൾ ഉൾക്കൊണ്ട ഒരു സിദ്ധാന്തമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത് . അല്ലാതെ വെറും ഒരു പാർട്ടിയല്ല.
അത് ഒരിക്കലും മരിക്കുകയില്ല. കാരണം സോഷ്യലിസം മനുഷ്യ നന്മയ്ക്ക് അത്യാവശ്യമാണ്.
I am not a member of any political party.
But I support LDF for the above reasons.


