ആണധികാരവും ജാതിയും സമൂഹത്തെ പിന്നോട്ട് നടത്തുന്നു: എം.എന്‍ കാരശ്ശേരി
കോഴിക്കോട്: വിശ്വാസവും ആണധികാരവും ജാതിയും സമൂഹത്തെ പിറകോട്ട് നടത്തുകയാണെന്ന് എഴുത്തുകാരനും സാമൂഹ്യ വിമര്‍ശകനുമായ എം.എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വി.എം കൊറാത്തിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി കൈരളി വേദി ഹാളില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ”വിശ്വാസവും ജനാധിപത്യവും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൗരോഹിത്യം ജനാധിപത്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഗുരുതര സാഹചര്യം നിലനില്‍ക്കുന്നു. മതവും ജാതിയും വിശ്വാസ സംഹിതകളും ഏറിയും കുറഞ്ഞും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. അതിന്റെ കെടുതികള്‍ കാലങ്ങളായി നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അധികാരം നിലനിര്‍ത്താന്‍ വേണ്ടി വിശ്വാസത്തെ കൂട്ടുപിടിക്കുകയാണ് അധികാര കേന്ദ്രങ്ങള്‍ പലപ്പോഴും ചെയ്യുന്നത്. ചരിത്രത്തിലും ഇതു പോലെയുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. സതി പോലെയുള്ള അനാചാരങ്ങള്‍ക്കെതിരെ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെ അനുകൂലിച്ച് സ്ത്രീകളെ രംഗത്തിറക്കിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം ജില്ലാ പ്രസിഡൻ്റ് പി.പി അബൂബക്കര്‍ അധ്യക്ഷനായി. പി ബാലകൃഷ്ണന്‍ വി.എം കൊറാത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ്, സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം അഖിലേന്ത്യാ സെക്രട്ടറി എന്‍.പി ചെക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍ എന്നിവർ സംസാരിച്ചു. ഫോറം ജില്ലാ സെക്രട്ടറി എം സുധീന്ദ്രകുമാര്‍ സ്വാഗതവും എ.പി മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു.