വിഷന്‍ 2031: പൊതുമരാമത്ത് വകുപ്പ് സെമിനാര്‍ ഒക്ടോബര്‍ 18ന്

സംഘാടക സമിതി രൂപീകരിച്ചു

കേരളത്തിന്റെ ഭാവി വികസനത്തിനുള്ള ആശയ രൂപീകരണം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031’ന്റെ ഭാഗമായ പൊതുമരാമത്ത്, യുവജന വകുപ്പ് സെമിനാറുകള്‍ കോഴിക്കോട്ട് നടക്കും. പൊതുമരാമത്ത് വകുപ്പ് സെമിനാര്‍ ഒക്ടോബര്‍ 18ന് കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ് നടക്കുക. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാര്‍ഷികമാണ് 2031. ഇതോടനുബന്ധിച്ച് വിഷന്‍ 2031 എന്ന പേരില്‍ വിവിധ മേഖലകളില്‍ എല്ലാ ജില്ലകളിലും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കും.

2031 ആകുമ്പോഴേക്ക് വിവിധ മേഖലകളില്‍ കേരളം കൈവരിക്കേണ്ട പുരോഗതിയെ കുറിച്ച് ആശയങ്ങള്‍ രൂപീകരിക്കുകയും വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധരില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയുമാണ് സെമിനാറുകളുടെ പ്രധാന ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് സെമിനാറിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സര്‍വതല സ്പര്‍ശിയായ കര്‍മ്മ പദ്ധതി രൂപീകരിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെ സെമിനാറുകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്താകെ എല്ലാ ജില്ലകളിലുമായി സംഘടിപ്പിക്കുന്ന 33 സെമിനാറുകളില്‍ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന രണ്ട് സെമിനാറുകള്‍ വന്‍ വിജയമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ്  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷം സംസ്ഥാനത്ത് നടന്ന വികസന പദ്ധതികള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ദേശീയപാത വികസനം, കോഴിക്കോട് ബൈപാസ് നിര്‍മാണം, സര്‍വീസ് റോഡുകളുടെ പ്രവൃത്തി എന്നിവ ഉള്‍പ്പെടെ ജില്ലയിലെ പശ്ചാത്തല വികസന മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് നിലവില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 18ന് നടക്കുന്ന വിഷന്‍ 2031 പൊതുമരാമത്ത് വകുപ്പ് സെമിനാറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. മന്ത്രി പി എ മുഹമ്മദ് റിയാസ്  ചെയര്‍മാനും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വര്‍ക്കിങ് ചെയര്‍മാനും പൊതുമരാമത്ത് സെക്രട്ടറി കെ ബിജു ജനറല്‍ കണ്‍വീനറും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് കണ്‍വീനറുമാണ്. പ്രോഗ്രാം, സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍, ഫുഡ്, രജിസ്ട്രേഷന്‍, അക്കമഡേഷന്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, പബ്ലിസിറ്റി എന്നീ ആറ് സബ് കമ്മിറ്റികളും സെമിനാറിന്റെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ചു.

കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി ടി എ റഹീം, അഹമ്മദ് ദേവര്‍കോവില്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, അഡ്വ. കെ എം സച്ചിന്‍ ദേവ്, കെ കെ രമ, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍, അഡ്മിനിസ്ട്രേഷന്‍ ചീഫ് എഞ്ചിനീയര്‍ എസ് ദീപു, കെആര്‍എഫ്ബി പ്രൊജക്റ്റ് ഡയറക്ടര്‍ അശോക് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *