ജില്ലയില്‍ ഏഴ് ക്യാംപുകളിലുള്ളത് 899 പേർ
കോഴിക്കോട്: ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും ചൊവ്വാഴ്ച കൂടുതല്‍ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി. നിലവിൽ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ ക്യാംപുകൾ ഇല്ല. ജില്ലയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലെ ഏഴ് ക്യാംപുകളിലായി ആകെ 311 കുടുംബങ്ങളില്‍ നിന്നുള്ള 899 പേരാണുള്ളത്.
ഏഴിൽ ആറ് ക്യാംപുകളും വടകര താലൂക്കിലാണ്. ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് വില്ലേജിൽ രണ്ടും വളയം, ചെക്യാട്, വാണിമേൽ, തിനൂർ വില്ലേജുകളിൽ ഒന്ന് വീതം ക്യാംപുമാണുള്ളത്.
വടകര താലൂക്കിലെ ക്യാംപുകളിൽ 279 കുടുംബങ്ങളിൽ നിന്നുള്ള 782 പേരാണുള്ളത്. ഇതിൽ 468 പേരും വിലങ്ങാടിലെ രണ്ട് ക്യാംപുകളിലാണ്.
കൊല്ലം ഗുരുദേവ കോളേജിലുള്ള കൊയിലാണ്ടി താലൂക്കിലെ ഏക ക്യാംപിൽ 32 കുടുംബങ്ങളിൽ നിന്നുള്ള 117 പേരുണ്ട്. കുന്നിയോറമലയിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വീടുകളിൽ നിന്നുള്ളവരാണ് ഇവിടെയുള്ളത്.