രമേശൻ പാലേരിയുടെ നിര്യാണത്തിൽ അന്താരാഷ്ട്ര- ദേശീയ സഹകരണ പ്രസ്ഥാനങ്ങൾ അനുശോചിച്ചു
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി (ULCCS) ചെയർമാൻ ശ്രീ. രമേശൻ പാലേരിയുടെ (66) നിര്യാണത്തിൽ പ്രമുഖ അന്താരാഷ്ട്ര, ദേശീയ സഹകരണ പ്രസ്ഥാനങ്ങൾ ആഴത്തിലുള്ള ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി.
ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ ആൻഡ് പസഫിക് (ICA-AP), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഇൻഡസ്ട്രിയൽ ആൻഡ് സർവീസ് കോ-ഓപ്പറേറ്റീവ്സ് (CICOPA), നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ (NCUI) എന്നീ പ്രമുഖ സംഘടനകൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും സഹകരണമേഖലയ്ക്കു നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും അനുസ്മരിച്ച് അനുശോചനസന്ദേശങ്ങൾ പുറപ്പെടുവിച്ചു.
യുഎൽസിസിഎസിനെ ലോകോത്തരതലത്തിലേക്കു വളർത്തുന്നതിൽ രമേശൻ പാലേരി വഹിച്ച പങ്ക് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ ആൻഡ് പസഫിക് (ICA-AP) അനുസ്മരിച്ചു. വടകരയിലെ ഒരു പ്രാദേശിക നിർമ്മാണത്തൊഴിലാളി സഹകരണസംഘമായിരുന്ന സൊസൈറ്റിയെ അടിസ്ഥാനസൗകര്യവികസനം, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഭവനനിർമ്മാണം, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ ഉൾപ്പെടെയുള്ള സാംസ്കാരികപദ്ധതികൾ എന്നിവയിലേക്ക് വ്യാപിപ്പിച്ചപ്പോഴും അതിന്റെ ഭരണം തൊഴിലാളികളുടെ കൈകളിൽത്തന്നെ ഭദ്രമായി സൂക്ഷിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
2019-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽനിന്നുള്ള ആദ്യ പ്രൈമറി സഹകരണ സംഘമായി യുഎൽസിസിഎസ് ഐസിഎയിൽ അംഗത്വം നേടി. 2023-ൽ ഐ.സി.എ. ഏഷ്യ-പസഫിക്കിന്റെ പ്രഥമ ‘കോ-ഓപ്പറേറ്റീവ് എക്സലൻസ് അവാർഡ് ഫോർ എന്റർപ്രൈസിംഗ് കോ-ഓപ്പറേറ്റീവ്’ പുരസ്കാരവും ഊരാളുങ്കൽ സൊസൈറ്റിക്കു സമ്മാനിച്ചു. ലാളിത്യവും ഉദാരമനസ്കതയും തൊഴിൽ അന്തസ്സിനോടുള്ള പ്രതിബദ്ധതയും നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വം എടുത്തുപറഞ്ഞ ഐസിഎ-എപി, പുതിയ സഹകാരികൾക്ക് അദ്ദേഹം എപ്പോഴും വലിയ പ്രോത്സാഹനമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി.
ബ്രസ്സൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ഇൻഡസ്ട്രിയൽ ആൻഡ് സർവ്വീസ് കോ-ഓപ്പറേറ്റീവ്സ് (CICOPA), രമേശൻ പാലേരിയുടെ കുടുംബത്തിന്റെയും സൊസൈറ്റി അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേർന്നു. യുഎൽസിസിഎസിന്റെ വളർച്ചയ്ക്കും ആഗോളതലത്തിലുള്ള അംഗീകാരത്തിനും അദ്ദേഹത്തിന്റെ നേതൃത്വം വലിയ പങ്കുവഹിച്ചുവെന്നും സൊസൈറ്റിയുടെ തുടർന്നുള്ള പ്രവർത്തനങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കുമെന്നും സംഘടന അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പരമോന്നതസംഘടനയായ നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ (NCUI) അദ്ദേഹത്തിന്റെ നിര്യാണത്തിൽ തീവ്രമായ ദുഃഖം രേഖപ്പെടുത്തി. സഹകരണതത്ത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ രമേശൻ പാലേരി നൽകിയ സംഭാവനകൾ എന്നും ബഹുമാനത്തോടെയും ആദരവോടെയും ഓർമ്മിക്കപ്പെടുമെന്ന് എൻസിയുഐ അനുസ്മരിച്ചു.