വടകര കുടുംബ കോടതിയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സാധാരണക്കാർക്ക് വേഗത്തിലും സൗകര്യപ്രദമായും നീതി ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് വടകരയിൽ കുടുംബ കോടതി യാഥാർഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര കുടുംബ കോടതിക്ക് പുതുതായി നിർമിച്ച കെട്ടിടം  ഓൺലൈനായി ഉദ്ഘാടനം
ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും തർക്കങ്ങളും പരിഹരിക്കാൻ എത്തുന്നവർക്ക് സമാധാനപരമായ അന്തരീക്ഷം അത്യാവശ്യമാണ്. ആ ലക്ഷ്യത്തോടെ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിട സമുച്ചയം തയാറാക്കിയിട്ടുള്ളത്. കുട്ടികൾ വരുന്ന സാഹചര്യമുള്ളതുകൊണ്ട് കോടതി അന്തരീക്ഷം അവരെ മാനസികമായി ബാധിക്കാതിരിക്കാൻ ശിശു സൗഹൃദ മുറികൾ ഉൾപ്പടെ സജ്ജമാക്കിയിട്ടുണ്ട്. 2023 ഒക്ടോബറിൽ ശിലാസ്ഥാപനം നിർവഹിച്ച കെട്ടിടം സമയബന്ധിതമായി പൂർത്തീകരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹൈകോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഓൺലൈനിൽ അധ്യക്ഷനായി. 
മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഹൈകോടതി ജഡ്ജ് സി പി മുഹമ്മദ് നിയാസ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ജസ്റ്റിസ് കെ  നടരാജൻ, ജസ്റ്റിസ് സി പ്രദീപ് കുമാർ, കെ കെ രമ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ പി കെ ശശി, കുടുംബ കോടതി ജഡ്ജ് ലീന റഷീദ്, അഡ്വ. കെ എം രാംദാസ്  തുടങ്ങിയവർ  സംസാരിച്ചു. ജില്ലാ ജഡ്ജ്  വി എസ് ബിന്ദു കുമാരി സ്വാഗതവും കെ കെ സാജിർ നന്ദിയും പറഞ്ഞു.

സംസ്ഥാന സർക്കാർ 9.8 കോടി രൂപ ചെലവിട്ടാണ് കുടുംബ കോടതിക്ക് വടകരയിൽ കെട്ടിടം യാഥാർഥ്യമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായാണ് കെട്ടിടം. കോടതി മുറികൾ, അഭിഭാഷകർക്കുള്ള മുറികൾ, മുലയൂട്ടൽ കേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, ലിഫ്റ്റ്, കൗൺസിലിങ് റൂം, ശൗചാലയങ്ങൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000