മാനാഞ്ചിറ സ്ക്വയറിൽ ഇനി സൗജന്യ വൈ ഫൈ

സംസ്ഥാനത്തെ പ്രഥമ വൈ ഫൈ പാർക്ക്

കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട്ടെ മാനാഞ്ചിറ സ്ക്വയർ ഇനി സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാർക്ക്. വിശ്രമത്തിനും വിനോദത്തിനും മറ്റും എത്തുന്ന പൊതുജനങ്ങൾക്ക് സൗജന്യമായി ഇവിടെ നിന്ന് ഇൻ്റർനെറ്റ് ലഭിക്കും.

എളമരം കരീം എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35.89 ലക്ഷം രൂപ വിനിയോഗിച്ചാണ് നഗരത്തിൻ്റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ പദ്ധതി നടപ്പായത്. ബിഎസ്എൻ എൽ വഴിയാണ് പദ്ധതി ജനങ്ങളിലേക്കെത്തുന്നത്. മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്‌ലറ്റ് തുടങ്ങിയവ വഴി സൗജന്യ വൈ ഫൈ ജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർ മൊബൈൽ ഫോണിൽ വൈ ഫൈ എനേബിൾ ചെയ്ത ശേഷം ഫോണിലെ വൈ ഫൈ സിഗ്നലുകളിൽ നിന്ന് ‘Mananchira Free WiFi’ തെരഞ്ഞെടുക്കാം. തുടർന്നുവരുന്ന വെബ് പേജിൽ ഉപഭോക്താവിൻ്റെ മൊബൈൽ നമ്പർ നൽകിയാൽ ഫോണിൽ വരുന്ന Get OTP എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മൊബൈൽ നമ്പറും പേരും നൽകാനുള്ള പേജ് തുറന്നു വരും. ഇത് സബ്മിറ്റ് ചെയ്യുമ്പോൾ ഫോണിലേക്ക് വരുന്ന OTP ഉപയോഗിച്ച് സൗജന്യ വൈ ഫൈ ഉപയോഗിക്കാൻ കഴിയും. ഒരു ദിവസം ഒരാൾക്ക് 1 ജിബി വരെ ഡാറ്റ ഉപയോഗിക്കാൻ കഴിയും. ഏത് മൊബൈൽ കമ്പനിയുടെ മൊബൈൽ നമ്പറും ഇതിനായി ഉപയോഗിക്കാം.

13 ഓളം വൈ ഫൈ ആക്സസ് പോയിൻ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ ഇൻ്റർനെറ്റ് ശൃംഖല, സെർവറുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഒരേ സമയം 500 പേർക്ക് വൈ ഫൈ സേവനം ഉപയോഗിക്കാൻ കഴിയും.

മൂന്നുവർഷത്തേക്കാണ് ബി എസ്എൻഎലിന് സൗജന്യ വൈ ഫൈ ചുമതല. അതിനുശേഷം കോർപറേഷൻ തുക വകയിരുത്തി ബിഎസ്എൻഎലുമായി ധാരണയിലെത്തും. സാഹിത്യ നഗരമായ കോഴിക്കോടിനെ കൂടുതൽ സർഗ സമ്പുഷ്ടമാക്കാൻ വൈ ഫൈ അടക്കമുള്ള സാങ്കേതികവിദ്യക്ക് കഴിയുമെന്നുറപ്പ്.

മാനാഞ്ചിറ സ്ക്വയറിൽ നടന്ന ചടങ്ങിൽ എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ സൗജന്യ വൈ ഫൈ പദ്ധതി പരിചയപ്പെടുത്തി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കെ സി അബു, സി എച്ച് ഹമീദ്, വരുൺ ഭാസ്കർ, പി ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. ബിഎസ്എൻഎൽ ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ(മാർക്കറ്റിങ്) സനൂപ് ടി നായർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *