അനധികൃത മത്സ്യബന്ധനം: ബോട്ട് കസ്റ്റഡിയിൽ

കോഴിക്കോട്: മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ നിയമവിരുദ്ധമായി ഹൈ വോള്‍ട്ട് ലൈറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ചും കണ്ണിവലിപ്പം കുറഞ്ഞ വല ഉപയോഗിച്ചും മത്സ്യബന്ധനം നടത്താനിരുന്ന ബോട്ട് ഫിഷറീസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ബേപ്പൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പുറപ്പെടാന്‍ തയാറായിനിന്ന ബോട്ട് പിടിച്ചെടുത്തത്. വടക്കെ പനങ്ങാട്ട് സൂപ്പിവളപ്പില്‍ എന്‍ വി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള അല്‍മിന എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 2,50,000 രൂപ പിഴ ഈടാക്കി.

മറൈന്‍ എന്‍ഫോഴ്സ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് ടി കെ രാജേഷ്, ഫിഷറി ഗാര്‍ഡുമാരായ എം ബിബിന്‍, കെ അരുണ്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അനധികൃത മത്സ്യബന്ധനം തടയാന്‍ ശക്തമായ പട്രോളിങ് ഹാര്‍ബറുകളിലും കടലിലും നടത്തുന്നുണ്ടെന്നും പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും ഫിഷറീസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000