തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ജില്ലാതല മോണിറ്ററിങ് സമിതി രൂപീകരിച്ചു
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതികള്‍ ഉടന്‍ പരിഹരിക്കുന്നതിനും ജില്ലാ തലത്തില്‍ മോണിറ്ററിങ് സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറും ജില്ലാ പൊലീസ് മേധാവി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് രൂപവത്കരിച്ചത്.
പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സമിതി ഉടന്‍ പരിഹാരം കാണുകയും കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഏതെങ്കിലും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ റിപ്പോര്‍ട്ട് അയക്കും. രണ്ട് ദിവസത്തിലൊരിക്കല്‍ ജില്ലാ മോണിറ്ററിങ് സമിതിയുടെ യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തി കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. അടിയന്തര പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ യോഗം ചേരുകയും നടപടി സ്വീകരിക്കുകയും ചെയ്യും.