വികസന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം -ജില്ലാ വികസന സമിതി

നവകേരള സദസ്സ് പ്രവൃത്തികള്‍; ജില്ലയില്‍ 19 പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

കോഴിക്കോട്: ഭരണാനുമതി ലഭ്യമായ ജില്ലയിലെ വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്. ജില്ലാ വികസന സമിതിയുടെ അഞ്ച് വര്‍ഷ കാലയളവിലെ അവസാന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ജില്ലയില്‍ അനുമതി ലഭ്യമായ 23 പദ്ധതികളില്‍ 19 പ്രവൃത്തികളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇതില്‍ 15 പ്രവൃത്തികള്‍ ആരംഭിച്ചു. പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന നടപടികള്‍ പുരോഗമിക്കുന്നതായി പി.ഡബ്യൂ.ഡി കെട്ടിട വിഭാഗം എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ചുറ്റുമതില്‍ നിര്‍മാണ പ്രവൃത്തിയിലെ തടസ്സങ്ങള്‍ നീക്കി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പാച്ചാക്കല്‍ തോട് നവീകരണത്തിന്റെ തടസ്സങ്ങള്‍ നീക്കാന്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടത്തണമെന്നും ശാന്തിനഗര്‍ കോളനിയിലെ പട്ടയവിതരണ നടപടികള്‍ വേഗത്തിലാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.

മാവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മാണത്തിന് പുതിയ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പി ടി എ റഹീം എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ നിര്‍മിക്കുന്ന മാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തി തടസ്സപ്പെട്ടതിനാല്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് പാലം മുതല്‍ ചെട്ടിക്കടവ് പാലം വരെയുള്ള പ്രവൃത്തിയുടെ കരാര്‍ ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.

വാണിമേല്‍ പുഴ ശുചീകരണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഇ കെ വിജയന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും രണ്ടാഴ്ചക്കകം പ്രവൃത്തി ആരംഭിക്കുമെന്നും ഇറിഗേഷന്‍ വകുപ്പ് എഞ്ചിനീയര്‍ അറിയിച്ചു. വിലങ്ങാട് അടുപ്പില്‍ കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനും എംഎല്‍എ നിര്‍ദേശം നല്‍കി. ടാങ്ക് നിര്‍മാണം പൂര്‍ത്തിയായതായും ഒരുമാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്നും വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എന്‍.ഐ.ടിയിലെ മാലിന്യപ്രശ്നം സംബന്ധിച്ച തര്‍ക്കത്തില്‍ സംയുക്ത പരിശോധന നടത്തിയതായി ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ അറിയിച്ചു. പ്ലാന്റില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനക്കയച്ചതായും ഫലം കിട്ടുന്ന മുറക്ക് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കോഓഡിനേറ്റര്‍ അറിയിച്ചു. പെരുവഴിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവൃത്തിയുടെ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തുമെന്ന് മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സിവില്‍ സ്റ്റേഷന്‍ സ്‌കൂളില്‍ ഒരു കോടി രൂപ ചെലവിട്ടുള്ള കെട്ടിട നിര്‍മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ പൂര്‍ത്തിയായ ഫീഡിങ് സെന്റര്‍ തുറന്ന് പ്രവൃത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി അനുമതിക്ക് കത്ത് നല്‍കിയതായി പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ആവിക്കല്‍ തോട് നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ മെയ് 30നകം പൂര്‍ത്തിയാക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.

കുറ്റ്യാടി മണ്ഡലത്തിലെ തീക്കുനി ടൗണില്‍ വെള്ളം കയറുന്നത് പരിഹരിക്കാന്‍ ദുരന്ത നിവാരണ ഫണ്ട് അനുവദിക്കുന്നതിന്റെ ഡി.പി.ആര്‍ സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ മാളിയേക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഭൂമി കിട്ടാത്ത പ്രശ്നം പുതിയ ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്നേഷ് എന്നിവര്‍ സംസാരിച്ചു.