‹

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും


കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ കെട്ടിടം തറക്കല്ലിടലും ഹോമിയോ ഡിസ്പെൻസറി കെട്ടിടം പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ്ദ സംസ്ഥാനമായി മാറുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സാമൂഹ്യനീതി വകുപ്പ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഭിന്നശേഷി സൗഹൃദ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം വരണമെന്ന് മന്ത്രി പറഞ്ഞു.

ബഡ്സ് സ്കൂളുകളെ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററുകളായി ഉയർത്തുന്ന നടപടികൾ പുരോഗമിച്ചു വരികയാണ്. പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പുനരധിവാസ ഗ്രാമം പദ്ധതി എല്ലാ ജില്ലകളിലും സാധ്യമാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

‘തനിച്ചല്ല, നിങ്ങൾക്ക് ഒപ്പമുണ്ട് ഞങ്ങൾ’ എന്ന സർക്കാരിന്റെ നയം പോലെ ഭിന്നശേഷിക്കാർക്ക് എല്ലാവിധ പിന്തുണയും വകുപ്പിന്റെ ഭാഗത്തുനിന്നും നൽകും. ഭിന്നശേഷിക്കാർക്ക് വേണ്ടി തടസ്സരഹിത കേരളം എന്ന പദ്ധതിയാണ് സർക്കാർ മുന്നോട്ടുവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങല്ലൂർ അമ്മത്തൂർ- നാലഞ്ചിറ താഴം മാടേനി കാവിന് സമീപം നടന്ന ചടങ്ങിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി ശാരുതി അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം.എൽ.എ മുഖ്യാതിഥിയായി.

അസിസ്റ്റന്റ് എഞ്ചിനീയർ അശ്വതി ബി റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി സെയ്താലി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം സിന്ധു, പി മിനി, പി ബാബുരാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രവി പറശ്ശേരി, ബ്ലോക്ക് മെമ്പർ എൻ ഷിബു, വാർഡ് മെമ്പർ എം എ റാഹില, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയപ്രശാന്ത്  സ്വാഗതവും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റാണി എസ് നായർ നന്ദിയും പറഞ്ഞു.

ഒന്നര കോടി രൂപ ചെലവിൽ ബഡ്സ്‌ സ്കൂൾ

വാർഡ് ഒന്നിൽ ഇരിങ്ങല്ലൂർ അമ്മത്തൂർ ഭാഗത്ത് 47സെന്റ് ഭൂമിയിൽ ഒരു കോടി 50 ലക്ഷം രൂപ ചെലവിലാണ് ബഡ്സ്‌ സ്കൂൾ നിർമ്മാണം. 2100 സ്ക്വയർ ഫീറ്റിൽ ക്ലാസ് മുറികളും വാഷിംഗ് റൂമും കിച്ചണും വിസിറ്റിംഗ് ഹാളും ഓഫീസും ഉൾപ്പെടുന്ന ഭിന്നശേഷി സൗഹൃദ കെട്ടിടവും കുട്ടികളുടെ മാനസികോല്ലാസത്തിനായി ഭിന്നശേഷി സൗഹൃദ പാർക്കും പൂന്തോട്ടവും ഉൾപ്പെടെയുള്ള മനോഹരമായ ഒരു ബഡ്‌സ് സ്ക്കൂൾ  നിർമ്മിക്കാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000