ദുരന്തനിവാരണ രംഗത്ത് പൊതു- സ്വകാര്യ സഹകരണം അനിവാര്യം: കെ മുരളീധരൻ
കോഴിക്കോട്: ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സർക്കാരും സ്വകാര്യ മേഖലയും കൈകോർത്തു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ മുരളീധരൻ. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും അടിയന്തര ചികിത്സാ രംഗത്തും പ്രായോഗിക തയ്യാറെടുപ്പുകളും വേഗത്തിലുള്ള ജീവൻരക്ഷാ പരിചരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മേയ്ത്ര ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ബേസിക് ഡിസാസ്റ്റർ ലൈഫ് സപ്പോർട്ട്, അഡ്വാൻസ്ഡ് ഡിസാസ്റ്റർ ലൈഫ് സപ്പോർട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനങ്ങളും പുതിയ അപകടസാധ്യതകളും കണക്കിലെടുത്ത് പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ആരോഗ്യവിദഗ്ധരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കയിലെ നാഷണൽ ഡിസാസ്റ്റർ ലൈഫ് സപ്പോർട്ട് ഫൗണ്ടേഷന്റെ (NDLSF) അംഗീകാരമുള്ള പരിശീലന പരിപാടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസസുമായി (IIEMS) സഹകരിച്ചാണ് നടത്തുന്നത്.
അഡ്വ. കെ ജയന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി, ജില്ലാ ഫയർ ഓഫീസർ ജോസഫ് ജോസഫ്, കോർപ്പറേഷൻ കൗൺസിലർ ശ്രീജ സുരേഷ്, ഐഐഇഎംഎസ് ഫാക്കൽറ്റി അംഗങ്ങൾ, മേയ്ത്ര ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രളയം, ഉരുൾപൊട്ടൽ, തീരദേശ അപകടങ്ങൾ, രാസവസ്തു ചോർച്ച, വ്യാവസായിക ദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഒരേസമയം നിരവധി പേർക്ക് ചികിത്സ നൽകേണ്ടിവരുന്നത് ആരോഗ്യസംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്ന് മേയ്ത്ര ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ജിജോ വി. ചെറിയാൻ പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ കേരളത്തിന്റെ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ദുരന്തസാഹചര്യങ്ങളിൽ നിരവധി രോഗികളെ ഒരേസമയം കൈകാര്യം ചെയ്യാനും ചികിത്സയ്ക്ക് മുൻഗണന നിശ്ചയിക്കാനുമുള്ള പരിശീലനം, അപകടസ്ഥലത്തെ ഹോട്ട്- വാം- കോൾഡ് സോണുകളെക്കുറിച്ചുള്ള അവബോധം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് എമർജൻസി റെസ്പോണ്ടർമാർ എന്നിവർ തമ്മിലുള്ള ഏകോപനം, വേഗത്തിലുള്ള തീരുമാനമെടുക്കൽ എന്നിവ പരിശീലനത്തിന്റെ പ്രധാന ഭാഗങ്ങളാണ്. തിയറി ക്ലാസുകൾ, പ്രായോഗിക പരിശീലനം, യഥാർഥ ദുരന്തസാഹചര്യങ്ങൾ അനുകരിച്ചുള്ള മോക്ക് ഡ്രിൽ എന്നിവയും സംഘടിപ്പിച്ചു. വ്യക്തിഗത രോഗികൾക്ക് ചികിത്സ നൽകുന്നതിനപ്പുറം, ദുരന്തങ്ങൾ സമൂഹത്തെ ബാധിക്കുന്ന സാഹചര്യങ്ങളിൽ പരമാവധി ജീവനുകൾ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് മേയ്ത്ര ഹോസ്പിറ്റൽ സിഇഒ നിഹാജ് ജി മുഹമ്മദ് വ്യക്തമാക്കി. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ ദുരന്തപ്രതികരണ ശേഷി ശക്തിപ്പെടുത്തുന്നതിന് സർക്കാരുമായും മറ്റ് ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിക്കാൻ മേയ്ത്ര ഹോസ്പിറ്റൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.