വടകര: മണിയൂർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ നിർമ്മിക്കുന്ന നല്ലൂക്കര കുളം പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല നിർവഹിച്ചു. ജലാശയ സംരക്ഷണത്തോടൊപ്പം പ്രദേശത്തെ കുട്ടികൾക്ക് നീന്തൽ പരിശീലനം കൂടി ലഭിക്കുന്ന തരത്തിൽ നല്ലൂക്കര കുളം പ്രദേശത്തിൻ്റെ വികസന കേന്ദ്രമായി മാറണമെന്ന് അവർ പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ മുഖ്യാതിഥിയായി. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ്, വാപ്രത്ത് കഴകം ട്രസ്റ്റി ബോർഡ് ചെയർമാൻ സി. ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ എ.ശശിധരൻ സ്വാഗതവും സംഘാടക സമിതി കൺവീനർ പി കെ ശശി നന്ദിയും പറഞ്ഞു.
39 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന കുളത്തിൻ്റെ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് നടക്കുക.

