കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥമന്ദിരസമാജത്തിൻ്റെ കീഴിലുള്ള ചേവായൂർ ഡിസേബിൾഡ് ഹോമിൽ പുനരധിവസിപ്പിക്കപ്പെട്ട ത്വക് രോഗം (ലെപ്രസി) ബാധിച്ച താമസക്കാർക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് വേണ്ടി സ്ഥാപിച്ച 12 അടുക്കളകൾ അടങ്ങുന്ന കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാർച്ച് 10 ന് ഞായറാഴ്ച രാവിലെ 11 ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സെക്രട്ടറി സുധീഷ് കേശവപുരി അറിയിച്ചു.
1946 ൽ ആരംഭിച്ചതാണ് ചേവായൂർ ഡിസേബിൾഡ് ഹോം. ഡിസേബിൾഡ് ഹോം സ്ഥാപിക്കാൻ സ്ഥലം സംഭാവന ചെയ്ത എസ് എം എം കോയയുടെ ഓർമക്കായിട്ടാണ് കെട്ടിടം സമർപ്പിച്ചിട്ടുള്ളതെന്നും സെക്രട്ടറി അറിയിച്ചു.
പരിപാടിയിൽ അനാഥമന്ദിരം സ്ഥാപക അധ്യക്ഷയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എവി കുട്ടിമാളു അമ്മയുടെ പേരക്കുട്ടി എവി ശങ്കരമേനോൻ മുഖ്യാതിഥിയായിരിക്കും.
1937ലാണ് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപം കെ എൻ കുറുപ്പും എ വി കുട്ടിമാളു അമ്മയും അനാഥ മന്ദിര സമാജം സ്ഥാപിച്ചത്.
കേരള സർക്കാർ ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ അംഗീകാരമുള്ള അനാഥ മന്ദിരസമാജത്തിൻ്റെ കീഴിലുള്ള വെസ്റ്റ് ഹിൽ ഓൾഡ് ഏജ് ഹോമിൽ 39 താമസക്കാരും ചേവായൂർ ഡിസേബിൾഡ് ഹോമിൽ 16 താമസക്കാരുമാണ് ഉള്ളത്. കൂടാതെ രമണീ ഭായ് സ്നേഹതീരം എന്ന പേരിൽ വെസ്റ്റ് ഹില്ലിൽ പെയ്ഡ് ഹോമും സമാജം നടത്തുന്നുണ്ട്.
ഷനൂപ് താമരക്കുളം പ്രസിഡൻ്റും സുധീഷ് കേശവപുരി സെക്രട്ടറിയും അഡ്വ. എം രാജൻ വൈസ് പ്രസിഡൻ്റും വി ആർ രാജു ജോ. സെക്രട്ടറിയും കെ ബിനുകുമാർ ട്രഷററും ആയ ഭരണസമിതിയാണ് സമാജത്തിന് നേതൃത്വം നൽകുന്നത്.

